പത്തനംതിട്ട : റിപ്പബ്ലിക് ദിനത്തില്‍ ഹരിതകര്‍മ്മസേന ചെക്ക് ക്യാമ്പയിനുമായി ബന്ധപ്പെട്ട് ക്ലീന്‍ കേരള കമ്പനി ജില്ലയിലെ 46 ഗ്രാമപഞ്ചായത്തുകളില്‍ നിന്നും രണ്ടു നഗരസഭകളില്‍ നിന്നുമായി ശേഖരിച്ചത് 22 ടണ്‍ അജൈവ മാലിന്യങ്ങള്‍. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി ഹരിതകര്‍മ്മസേന ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയതിന്റെ തതുല്യമായ ചെക്ക് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍ ഹരിതകര്‍മ്മസേന സെക്രട്ടറിക്ക് കൈമാറുന്ന രീതിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ജില്ലയില്‍ ആകെ 3,38,800 രൂപയാണ് ക്ലീന്‍ കേരള കമ്പനി ഹരിതകര്‍മ്മസേനയ്ക്ക് കൈമാറുന്നത്. തിരുവല്ല നഗരസഭ, പന്തളം നഗരസഭ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തുകയുടെ ചെക്ക് നല്‍കുന്നത്. തിരുവല്ല നഗരസഭയില്‍ 1,86,800 രൂപയുടേയും പന്തളം നഗരസഭയില്‍ 22,720 രൂപയുടെയും ചെക്കാണ് ഹരിതകര്‍മ്മസേനകള്‍ക്ക് ലഭിക്കുന്നത്. ജില്ലയിലെ ഗ്രാമങ്ങളെ മാലിന്യമുക്തമായ ഗ്രാമങ്ങള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടന്നുവരുന്നു. അതിനായി ഹരിതകര്‍മ്മസേനയ്ക്കാവശ്യമായ പിന്തുണയും പരിശീലനവും ക്ലീന്‍ കേരള കമ്പനിയുടെ ഭാഗത്തുനിന്നും നല്‍കി വരുന്നു.