പത്തനംതിട്ട : പത്തനംതിട്ട നഗരസഭയില്‍ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ ആരംഭിച്ച ക്ലീനിംഗ് ചലഞ്ച് ക്യാമ്പയിന്‍ ജൂണ്‍ ആറു വരെ നീട്ടി. ജൂണ്‍ അഞ്ച്, ആറ് ദിനങ്ങളിലായി സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണ യജ്ഞത്തോടെ ക്ലീനിംഗ് ചലഞ്ച് അവസാനിക്കും.
വീട് വൃത്തിയായാല്‍ നാട് വൃത്തിയാകും എന്ന സന്ദേശമാണ് ക്ലീനിംഗ് ചലഞ്ചിലൂടെ നഗരസഭ മുന്നോട്ടുവെയ്ക്കുന്നത്. സ്വന്തം വീടും പരിസരങ്ങളും വൃത്തിയാക്കാനാണ് ഈ ക്യാമ്പയിനിലൂടെ നഗരവാസികളോട് ഭരണസമിതി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ക്ലീനിംഗ് ചലഞ്ചുമായി ബന്ധപ്പെട്ട് മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
നഗരസഭാ കൗണ്‍സില്‍ അംഗങ്ങളുടെയും കുടുംബശ്രീ പ്രവര്‍ത്തകരും സംയുക്തമായി നഗരത്തിലെ 32 വാര്‍ഡുകളിലും ക്ലീനിംഗ് ചലഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തി. ഏറ്റവും മികച്ച ശുചീകരണ പ്രവര്‍ത്തനം നടത്തുന്ന 32 പേരെ തെരെഞ്ഞെടുത്ത് ആദരിക്കും. ശുചിത്വ-പാരിസ്ഥിതിക മേഖലയിലെ മൂന്ന് പേരടങ്ങുന്ന വിദഗ്ധ പാനലാണ് വിജയികളെ കണ്ടെത്തുന്നത്. ജില്ലാ ആസ്ഥാനത്ത് നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കും. ക്ലീനിംഗ് ചലഞ്ചിലും ശുചീകരണ യജ്ഞത്തിലും പങ്കെടുക്കണമെന്ന് എല്ലാവരോടും നഗരസഭ അഭ്യര്‍ത്ഥിച്ചു.