പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഉപക്യാമ്പയിനായ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കുട്ടികളിൽ ശുചിത്വ സംസ്കാരം നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് പത്തനംതിട്ട ജില്ലയിലെ സ്കൂളുകളിൽ ജില്ലാ ശുചിത്വ മിഷനും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായി ചിത്രപ്രദർശനം നടത്തും. 2024 സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്ര രചന മത്സരത്തിലെ കുട്ടികളുടെ രചനകളാണ് പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്ര പ്രദർശത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മല്ലപ്പുഴശ്ശേരി സിഎംഎസ് എച്ച്എസ്എസ്സിൽ വെച്ച് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യും.
ഇലന്തൂർ ബ്ലോക്ക് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി ലാലു പുന്നയ്ക്കാട്, മല്ലപ്പുഴശ്ശേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, ബ്ലോക്ക് മെമ്പർ ജിജി ചെറിയാൻ മാത്യു, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ എസ് അനിൽ കുമാർ, എക്സ്റ്റെഷൻ ഓഫീസർ (വനിതാ ക്ഷേമം) പി ഉഷ, സിഎംഎസ് എച്ച്എസ്എസ് സ്കൂൾ പ്രിൻസിപ്പൽ ജോൺ വർഗീസ്, ഹെഡ്മാസ്റ്റർ ഷിബു ജോയ്, സ്കൂൾ മാനേജർ റവ. ഫാ. പ്രിൻസ് ജോൺ, പിടിഎ പ്രസിഡന്റ് അനിൽ മാത്യു എന്നിവർ പരിപാടിയിൽ പങ്കെടുക്കും.