തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് ആരോപിച്ചാണ് യുഡിഎഫിന്‍റെ പരാതി. കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതിന് മുന്‍പുള്ള പ്രസ്താവന ചട്ടലംഘനമാണ്. ഇത്തരമൊരു പ്രസ്താവന നടത്താനുള്ള അടിയന്തര സാഹചര്യം ഇല്ലായിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം.കോവിഡ് വാക്‌സിന്‍ സൗജന്യമാക്കണമെന്ന് യുഡിഎഫും മറ്റ് രാഷ്ട്രീയകക്ഷികളും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വാക്‌സിന്റെ ലഭ്യത സംബന്ധിച്ചോ വാക്‌സിന്‍ എപ്പോള്‍ കേരളത്തിലേക്ക് എത്തുമെന്നത് സംബന്ധിച്ചോ യാതൊരു വിധത്തിലുമുള്ള അറിയിപ്പുകളുമില്ല. ഈ സാഹചര്യത്തില്‍ പരസ്യപ്രചാരണത്തിന് തൊട്ടുമുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്‍റെ ആരോപണം. ആരോഗ്യമന്ത്രി കെ കെ ശൈലജ നിരന്തരം പറയുന്നത് തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുമെന്നാണ്. വോട്ടര്‍മാരേയും സാധാരണക്കാരേയും പേടിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇത്.
ഒരു ഭാഗത്ത് ഭയപ്പാടുണ്ടാക്കുകയും മറ്റൊരു ഭാഗത്ത് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നുമുള്ള പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇതില്‍ മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ആരില്‍നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അതേസമയം എത്രകണ്ട് വാക്‌സിന്‍ ലഭിക്കുമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്ന ഓക്സ്ഫഡ് വാക്‌സിനാണ് വിതരണത്തിനെത്തുക എന്നറിയുന്നു. 500മുതല്‍ ആയിരംവരെ രൂപയായിരിക്കും ചെലവ്. ഇതാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുക -മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ പുതിയ പദ്ധതികളോ സൗജന്യങ്ങളോ ഇളവുകളോ പ്രഖ്യാപിക്കാന്‍ വിലക്കുണ്ട്. പ്രഖ്യാപിക്കണമെന്നുണ്ടെങ്കില്‍ കമ്മീഷന്‍റെ മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാം. പരാതി കൂടാതെയും നടപടിയെടുക്കാന്‍ കമ്മീഷന് വിവേചനാധികാരമുണ്ട്.