കൊല്ലം: ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഒരു കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആഗോളതാപനം തടയാന്‍ കേരളം മുന്നോട്ടു വെയ്ക്കുന്ന ബദല്‍ ഇടപെടലാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി. കെഎസ് ഇ ബി എനര്‍ജി മാനേജ്മെന്റ് സെന്ററും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ എസ് ഇ ബി യുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 17 ലക്ഷം പേര്‍ക്കാണ് ആദ്യഘട്ടം ബള്‍ബുകള്‍ നല്‍കുന്നത്. കൂടുതല്‍ പേര്‍ക്ക് രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കുമെന്നും എല്ലാവരും പദ്ധതി പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വീടുകളിലെ സാധാരണ ഫിലമെന്റ് ബള്‍ബുകള്‍ മാറ്റി എല്‍ ഇ ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ വൈദ്യുതി ഉപഭോഗവും ചെലവും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 100 മുതല്‍ 150 വരെ മെഗാവാട്ട് വൈദ്യുതി ലാഭിക്കുക വഴി കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങല്‍ ചെലവ് കുറയ്ക്കാം. 100 രൂപയിലധികം വിലയുള്ള മൂന്നുവര്‍ഷം ഗ്യാരന്റിയുള്ള ബള്‍ബുകള്‍ 65 രൂപയ്ക്കാണ് നല്‍കുക. ഗ്യാരന്റി കാലയളവിനിടയില്‍ കേടായാല്‍ മാറ്റി നല്‍കും. ബള്‍ബിന്റെ വില വൈദ്യുതി ബില്ലിന്റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാം.
പദ്ധതി വഴി കെ എസ് ഇ ബി തിരിച്ചെടുക്കുന്ന ഫിലമെന്റ് ബള്‍ബുകള്‍ ക്ലീന്‍ കേരള കമ്പനി ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കും. തെരുവു വിളക്കുകള്‍ പൂര്‍ണമായി എല്‍ ഇ ഡി യായി മാറ്റുന്ന നിലാവ് പദ്ധതിയുടെ നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും 16 ലക്ഷം തെരുവുവിളക്കുകളില്‍ 10.5 ലക്ഷം വിളക്കുകള്‍ കൂടി രണ്ടുഘട്ടങ്ങളായി എല്‍ ഇ ഡി യാക്കും മുഖ്യമന്ത്രി പറഞ്ഞു.