കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേരിട്ട് ഇറങ്ങും. ഇന്ന് മുതല്‍ അഞ്ച് ദിവസം മുഖ്യമന്ത്രി പ്രചാരണ രംഗത്തുണ്ടാകും. ഇതിനു പുറമേ ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പറേഷനിലും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കും.
ധര്‍മ്മടം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശങ്ങളും സന്ദര്‍ശിക്കും. കൊറോണ വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. വെള്ളിയാഴ്ച മണ്ഡലം ഓഫീസില്‍ വെച്ച് മുഖ്യമന്ത്രി പൊതുജനങ്ങളില്‍ നിന്ന് നിവേദനം സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്തതും സ്ഥാനാര്‍ത്ഥികള്‍ നേതാക്കളുടെ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കാത്തതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങിയാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന ഭീതി മൂലമാണ് പരസ്യപ്രചാരണത്തില്‍ നിന്നും ഒഴിവായി നില്‍ക്കുന്നതെന്നായിരുന്നു വിമര്‍ശനം. അതിനു പിന്നാലെയാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്.
മുഖ്യമന്ത്രിയെ പ്രാചാരണത്തിന് ഇറങ്ങുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ലാവലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി വിജയന്‍ ഒരക്ഷരം മിണ്ടാതിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങാത്തതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും ഇടതുമുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി തന്നെയാണെന്ന് സിപിഎം നേതാവ് എം.വി.ഗോവിന്ദനും പ്രതികരിച്ചിരുന്നു.
അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പരസ്യ പ്രചാരണം ഞായറാഴ്ച വൈകിട്ട് ആറിന് അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍ കണ്ട്‌അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പോളിങ് ബൂത്തുകള്‍ ഇന്ന് സജ്ജമാകും.
സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 8, 10, 14 തിയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും.
ഒന്നാം ഘട്ടം-ഡിസംബര്‍ 8 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
രണ്ടാം ഘട്ടം-ഡിസംബര്‍ 10 : കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്
മൂന്നാം ഘട്ടം-ഡിസംബര്‍ 14 : കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം