കണ്ണൂര്‍ : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ വിജയം മുഖ്യമന്ത്രി പിണറായി വിജയന്റെ പരാജയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കണ്ണൂരിൽ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ആഹ്ലാദകരമായ വാര്‍ത്തയാണ് തൃക്കാക്കര വിജയമെന്നും ഭൂരിപക്ഷം എല്ലാ പ്രതീക്ഷകളും കടന്നുവെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. യുഡിഎഫ് പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്നു. മത സൗഹാര്‍ദവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച നമ്മുടെ വിജയം കൂടിയാണിത്. ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സംവിധാനത്തിനും പാര്‍ട്ടിക്കും ഏറ്റ പരാജയമാണ് തൃക്കാക്കരയിലെ യു ഡി എഫ് വിജയം. ഭൂരിപക്ഷ വര്‍ഗീയത എന്നോ ന്യൂനപക്ഷ വര്‍ഗീയത എന്നോ ഉണ്ടാവരുത്.
ഇത് ഒരു സന്ദേശത്തിന്റെ ഉറപ്പും വിജയവുമാണ്. യുഡിഎഫ് അടിത്തറ ശക്തമാണ് എന്നാണ് ഇത് കാണിക്കുന്നത്. എന്തൊക്കെ ചേരിതിരിവ് ഉണ്ടാക്കാനാണ് എല്‍ ഡി എഫ് തൃക്കാക്കരയില്‍ ശ്രമിച്ചത്. നാം ഒരിക്കലും കേള്‍ക്കാന്‍ പോലും ആഗ്രഹിക്കാത്ത കുപ്രചരണങ്ങള്‍ നാം കേട്ടു. കേരളം ഒരിക്കലും വര്‍ഗീയതയ്ക്ക് കീഴടങ്ങില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.