തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ സെക്രട്ടറി സി.എം.രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ദുരൂഹം. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാനുള്ള നീക്കമാണിതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ഒത്തുകളിക്കുന്നുവെന്നും സൂചനയുണ്ട്.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രവീന്ദ്രന് ഇ ഡി നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെ തിരുവനന്തപുരം മെഡി. കോളേജില്‍ ചികിത്സ തേടുകയായിരുന്നു. കൊറോണയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാണെന്നാണ് വിശദീകരണം. പരിശോധന തുടരുകയാണെന്നും ഡിസ്ചാര്‍ജ്ജ് ചെയ്യാനാകില്ലെന്നുമാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇ ഡി ആദ്യം നോട്ടീസ് നല്‍കിയത്. ഈ സമയത്താണ് കൊറോണ ബാധിച്ച് ക്വാറന്റൈനില്‍ പോയത്. അസുഖം ഭേദമായി ഒരാഴ്ചത്തെ നിരീക്ഷണവും രവീന്ദ്രന്‍ പൂര്‍ത്തിയാക്കിയിനുശേഷമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത്.
അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് ആരോപണം. ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് സ്വകാര്യ ആശുപത്രിയില്‍ അഭയം തേടിയിരുന്നു. മറ്റ് അസുഖങ്ങള്‍ കണ്ടെത്താത്തതോടെ വിദഗ്ധ പരിശോധനയ്ക്കായി മെഡി. കോളേജില്‍ പ്രവേശിപ്പിച്ചു. അതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതോടെ ആരോഗ്യവകുപ്പ് ഒത്തുകളിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നു. മെഡിക്കല്‍ ബോര്‍ഡ് കൂടിയാണ് ശിവശങ്കറിനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇതേ രീതിയില്‍ രവീന്ദ്രനും ആരോഗ്യവകുപ്പിന്റെ ഒത്താശയോടെ അന്വേഷണത്തില്‍ നിന്ന് രക്ഷനേടാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഇ ഡിക്ക് സംശയമുണ്ട്. ആശുപത്രിയില്‍ നിന്നു രവീന്ദ്രന്റെ അസുഖവിവരം ഇ ഡി അനൗദ്യോഗികമായി ശേഖരിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിന്റെയും സ്വപ്‌നയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പല ആവശ്യങ്ങള്‍ക്കും രവീന്ദ്രന്‍ വിളിച്ചിരുന്നുവെന്നാണ് സ്വപ്‌നയുടെ മൊഴി. കെ ഫോണ്‍, ടോറസ്, ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ടും രവീന്ദ്രനില്‍ നിന്ന് ഇഡിക്ക് വിവരങ്ങള്‍ ശേഖരിക്കാനുണ്ട്. ശിവശങ്കര്‍ കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായക സ്വാധീനമുള്ള ഉദ്യോഗസ്ഥനാണ് സി.എം. രവീന്ദ്രന്‍. ദീര്‍ഘകാലമായി തനിക്ക് അറിയാവുന്ന ആളാണ് രവീന്ദ്രനെന്നും അദ്ദേഹത്തെ പൂര്‍ണവിശ്വാസമാണെന്നുമാണ് ആദ്യം ഇ ഡി നോട്ടീസ് നല്‍കിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ ആശങ്ക.
രവീന്ദ്രന്‍ ഇന്ന് ഹാജരാകില്ല സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റിന്റെ മുന്നില്‍ ഹാജരാകില്ല. ശ്വാസം മുട്ടുള്ളതിനാല്‍ ആശുപത്രിയില്‍ തുടരേണ്ടതുണ്ടെന്നാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. ഇപ്പോള്‍ രവീന്ദ്രനെ എംഐസിയുവിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവുണ്ട്. കൂടാതെ കൊറോണ ബാധിച്ചതിന്റെ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്. ഇതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാനാകില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.