ഇടുക്കി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ വൈകിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രവീന്ദ്രന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ എത്തിയാല്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പുറത്തുവരും. അത് അറിയാവുന്നത് കൊണ്ടാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് തടസം നില്‍ക്കുന്നത്. എം.ശിവശങ്കറിന്റെ കാര്യത്തിലും ആരോഗ്യവകുപ്പിന്റെ ഇടപെടലുകളുണ്ടായിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അറിവോടെയാണോ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്ന് സംശയമുണ്ടെന്നും പീരുമേട്ടില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.
കള്ളക്കടത്തുകാരെ സംരക്ഷിക്കാന്‍ മെഡിക്കല്‍ കോളേജുകളെ വരെ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍. സി.എം രവീന്ദ്രന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് ആര്‍ക്കും അറിയില്ല. ഒപ്പമുള്ളവര്‍ എന്തുകൊണ്ട് ക്വാറന്റൈനില്‍ പോയില്ല എന്നതിനും ഉത്തരമില്ല. മുഖ്യമന്ത്രിയെ കുറിച്ച് അന്ന് ബി.ജെ.പി പറഞ്ഞത് ഇന്ന് സി.പി.എം ഉന്നത നേതാക്കള്‍ക്കും ബോധ്യമായി വരുന്നുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയെ കുറിച്ച് സംശയം പൊതുസമൂഹത്തിനും മാദ്ധ്യമങ്ങള്‍ക്കും മാത്രമല്ല സിപിഎമ്മിന് അകത്തും ഉണ്ട്. സ്വന്തം പാര്‍ട്ടിക്ക് അകത്തും വിശ്വാസത നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പിണറായി വിജയന്‍ നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. കിഫ്ബിയുമായി ബന്ധപ്പെട്ട രവീന്ദ്രന്റെയും ശിവശങ്കറിന്റെയും ഇടപാടുകള്‍ പരിശോധിക്കണം. സി.എം രവീന്ദ്രന്‍ സമ്പാദിച്ച സ്വത്തുക്കളെല്ലാം അയാളുടെ തന്നെയാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സ്വന്തക്കാരനായ അദ്ദേഹം ആരുടെ ബിനാമിയാണെന്ന് ജനങ്ങള്‍ക്ക് അറിയണം. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ബി.ജെ.പിക്ക് മാത്രമേ അര്‍ഹതയുള്ളൂ. രണ്ട് മുന്നണികളും അഴിമതിയുടെ കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്.
യുഡി.എഫ് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനയായ ജമാഅത്തെ ഇസ്ലാമി രാജ്യത്തിനകത്തും പുറത്തും ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ അക്രമം നടത്തുന്നവരാണ്. ലൗജിഹാദ് പോലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. രാജ്യത്തിനെതിരെയുള്ള ചരടുകളെ ഏകോപിപ്പിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഈ കാര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നാടകം നിര്‍ത്തി നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണം. ഇടുക്കിയിലെ ഭൂമി പ്രശ്നം പരിഹരിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് യു.ഡി.എഫും എല്‍.ഡി.ഫും ചെയ്യുന്നത്. ഇടുക്കി ജില്ലയില്‍ ഇത്തവണ എന്‍.ഡി.എ വലിയ നേട്ടമുണ്ടാക്കുമെന്നും കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.