അടൂര്‍ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയാകുകയാണ് അടൂര്‍ പള്ളിക്കല്‍ ചാങ്ങയില്‍ പുതിയ വീട്ടില്‍ കുടുംബാംഗങ്ങള്‍. 28 കുടുംബങ്ങളിലെ 40 കുട്ടികളും 100 മുതിര്‍ന്നവരും ഉള്‍പ്പെട്ട കുടുംബാംഗങ്ങളാണു വിഷുകൈനീട്ടമായി ലഭിച്ച തുക സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയത്. കുടുബാംഗങ്ങള്‍ സമാഹരിച്ച 10,000 രൂപയുടെ ഡ്രാഫ്റ്റ് അടൂര്‍ ആര്‍.ഡി.ഓഫീസിലെത്തി ചാങ്ങയില്‍ പുതിയവീട്ടില്‍ കുടുംബസംഗമ കണ്‍വീനറും എസ്.എന്‍.ഐ.ടി എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പലും ആയ പ്രൊഫ.രാധാകൃഷ്ണന്‍ അടൂര്‍ ആര്‍ഡിഒ: പി.ടി എബ്രഹാമിന് കൈമാറി.
കോവിഡ് പ്രതിരോധത്തിനായി നാടിന്റെ നന്മക്കായി തങ്ങളുടെ കുടുംബസംഗമത്തിന് സാധ്യമായത് ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മറ്റുള്ളവര്‍ക്കും ഇതൊരു പ്രചോദനമാകുമെങ്കില്‍ ആകട്ടെ എന്നും പ്രൊഫ. രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. കൈനീട്ടം സംഭാവനയായി നല്‍കാനുള്ള മുഖ്യമന്ത്രിയുടെ അറിയിപ്പിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് മുഖേനയും ഫോണ്‍ചെയ്തും എല്ലാ വീടുകളില്‍നിന്നും പൈസ ശേഖരിക്കുകയായിരുന്നു. വിഷുകൈനീട്ടം മാത്രമല്ല കുട്ടികള്‍ ശേഖരിച്ചുവെച്ചിരുന്ന അവരുടെ ചെറുസമ്പാദ്യങ്ങളും ചേര്‍ത്താണ് സംഭാവന നല്‍കിയത്. എല്ലാ മാസവും മൂന്നാം ഞായറാഴ്ചയാണിവര്‍ കുടുംബസംഗമം കൂടിയിരുന്നത്. ഈ സംഗമത്തിലൂടെ കാന്‍സര്‍ രോഗികള്‍ക്കടക്കം തുക സമാഹരിച്ചു നല്‍കാറുണ്ട് ഇവര്‍. കുടുംബസംഗമം വൈസ് കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, മുന്‍ കണ്‍വീനര്‍ രാധാകൃഷ്ണ കുറുപ്പ് എന്നിവരും പങ്കെടുത്തു.