തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളില്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നാല് ജില്ലകളിലായി പതിനായിരം പോലീസുകാരെ നിയോഗിച്ചു.
ഡ്രോണ്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണവും നടത്തും. ജില്ലകളെ സോണുകളായി തിരിച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും. ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളുടെ അതിര്‍ത്തി അടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട്ടുജോലിക്കാര്‍, ഹോംനഴ്സ്, പ്ലംബര്‍, ഇലക്ട്രീഷന്‍ തുടങ്ങിയവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം. മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ തുറക്കും. വിമാന, ട്രെയിന്‍ യാത്രക്കാര്‍ക്ക് യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യജ്ഞന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം.
ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് വാര്‍ഡ് സമിതികള്‍ ഭക്ഷണം നല്‍കും. ഇതിനായി കമ്യൂണിറ്റി കിച്ചന് ജനകീയ ഹോട്ടലുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കും. പാല്, പത്രം എന്നിവ രാവിലെ ആറിന് മുമ്പ് വീടുകളില്‍ എത്തിക്കണം. ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒന്നുവരെ മാത്രം അത്യാവശ്യം ജീവനക്കാരുമായി പ്രവര്‍ത്തിക്കും.