തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി 20 ടൂര്‍ണമെന്‍റില്‍ മുംബൈക്കെതിരെ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
”കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു” -പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 54 പന്തില്‍ 137 റണ്‍സുമായി നിറഞ്ഞാടിയ അസ്ഹറുദ്ദീന്റെ മാസ്മരിക ഇന്നിങ്സിന്റെ കരുത്തില്‍ കേരളം മുംബൈയെ എട്ടുവിക്കറ്റിനാണ് തോല്‍പ്പിച്ചത്. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്, കമന്ററ്റര്‍ ഹര്‍ഷ ഭോഗ്ലെ തുടങ്ങിയവര്‍ അസ്ഹറിന്റെ ഇന്നിങ്സിനെ പുകഴ്ത്തിയിരുന്നു.