തിരുവനന്തപുരം : ക്വാറികള്‍ നിയന്ത്രണവിധേയമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണ പ്രവര്‍ത്തനം പരിമിതമായ തോതില്‍ അനുവദിച്ചിട്ടുണ്ടെങ്കിലും സിമന്റ്, മണല്‍, കല്ല് എന്നിവ കിട്ടാന്‍ പ്രയാസം നേരിടുന്നു. കേന്ദ്രസര്‍ക്കാര്‍ ഖനനം അനുവദിച്ചിട്ടുണ്ട്. സിമന്റ് കട്ടപിടിച്ചു പോകാതിരിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ കടകള്‍ തുറന്ന് പരിശോധിക്കുന്നതിന് സൗകര്യമൊരുക്കുന്ന കാര്യം പരിശോധിക്കും.
റമദാന്‍ മാസത്തിലെ നോമ്പുകാലത്ത് റസ്റ്റോറന്റുകള്‍ക്ക് പാഴ്സല്‍ വിതരണം ചെയ്യുന്നതിനുള്ള സമയം നീട്ടിനല്‍കും. രാത്രി പത്തു മണിവരെ ഹോം ഡെലിവറി അനുവദിക്കും. പഴവര്‍ഗങ്ങളുടെയും മറ്റും വില വര്‍ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 23 കോടി രൂപ പ്രത്യേക ധനസഹായമായി നല്‍കുന്നുണ്ട്. ഈ സ്‌കൂളുകളെ എ, ബി, സി, ഡി ഗ്രേഡുകളാക്കി തിരിച്ചാണ് ഇത് നല്‍കുന്നത്.