പത്തനംതിട്ട : ആദി പമ്പ വീണ്ടെടുപ്പിന്റെ പേര് പറഞ്ഞ് നടക്കുന്ന ആഴം കൂട്ടല്‍ മണല്‍ ലക്ഷ്യമിട്ടാണെന്ന് തീരവാസികളുടെ ആരോപണം. മണല്‍ നിറഞ്ഞ ഭാഗത്താണ് ഖനനം. നദിയുടെ കിഴക്കെ തീരത്ത് എക്കല്‍ മാത്രം നിറഞ്ഞു കിടക്കുന്നു. ഈ ഭാഗം ഒഴിവാക്കി ഇടനാട് തീരത്ത് മാത്രമാണ് ഖനനം നടക്കുന്നത്. അര നൂറ്റാണ്ട് മുമ്പ് ആദിപമ്പ നിറഞ്ഞൊഴുകിയ വഴി പൂര്‍ണമായും ഏറ്റെടുക്കാതെ നടക്കുന്ന ഖനനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കവിയും പള്ളിയോട സേവാസംഘം ഭരണ സമിതി അംഗവുമായ രഘുനാഥ് കോയിപ്രം പറഞ്ഞു. ആറാട്ടുപുഴയ്‌ക്ക് താഴെ കോയിപ്രം തീരത്തോട് ചേര്‍ന്ന് 150 മീറ്റര്‍ വീതിയിലാണ് ആദി പമ്പ ഒഴുകിയിരുന്നത്. എന്നാല്‍ ഈ ഭാഗം എക്കല്‍ നിറഞ്ഞതിനാല്‍ പൂര്‍ണമായി ഒഴിവാക്കിയാണ് മണലെടുപ്പ് നടക്കുന്നത്. കിഴക്കു നിന്നും ഒഴുകിവരുന്ന പമ്പ 120 ഡിഗ്രി ചരിഞ്ഞ് കോയിപ്രം കരയോട് ചേര്‍ന്നാണ് ഒഴുകിയിരുന്നത്. ഈ ഭാഗത്ത് ഇന്ന് എക്കല്‍ നിറഞ്ഞ് കര രൂപപ്പെട്ടു കഴിഞ്ഞു.
നദി വീണ്ടെടുക്കുക എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്ന ജോലികള്‍ പുറമ്പോക്ക് ഭൂമി പൂര്‍ണമായി ഏറ്റെടുക്കാതെ സ്വന്തക്കാരെ ഒഴിവാക്കി നടത്തുന്ന വെറും പ്രഹസനം മാത്രമായാണ് നാട്ടുകാര്‍ കരുതുന്നത്. കോയിപ്രം ഭാഗത്ത് നദിക്കരയിലുള്ള വന്‍ കൈയേറ്റം ഒഴിവാക്കിയാണ് മണ്ണെടുപ്പെന്ന് നാട്ടുകാര്‍ പറഞ്ഞു. മന്നത്ത് പത്മനാഭന്‍ പ്രസംഗിച്ച ഓതറ കണ്‍വന്‍ഷന്‍ മണല്‍പ്പുറം ഇന്നില്ല. ആദി പമ്പയില്‍ മാലിമേല്‍ കടവിന് മുകളില്‍ വേനല്‍കാലത്ത് രൂപപ്പെടുന്ന വിശാലമായ മണല്‍ പുറത്താണ് പണ്ട് ഓതറ ഹിന്ദുമത കണ്‍വന്‍ഷന്‍ നടന്നിരുന്നത്. ഈ പുറമ്പോക്ക് ഭൂമി ഇന്ന് വ്യക്‌തികളുടെ കൈകളിലാണ്. ഇവിടം ഒഴിവാക്കിയാണ് വീതികൂട്ടല്‍ നടക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ആദി പമ്പയുടെ ഇരുകരകളും കൃഷിയിടങ്ങളായിരുന്നു. പ്രധാനമായും കരിമ്പുകൃഷി നടന്നിരുന്ന സ്‌ഥലം. പുളിക്കീഴ് പഞ്ചാരമില്ലിലേക്ക് കെട്ടുവള്ളങ്ങളില്‍ കരിമ്പ് കൊണ്ടു പോയിരുന്നത് ഇതുവഴിയായിരുന്നു. ആദി പമ്പയില്‍ നിന്നും വരട്ടാറ്റിലേക്ക് പ്രവേശിച്ച് കേവലം പതിനൊന്ന് കി.മീറ്റര്‍ മാത്രം സഞ്ചരിച്ച് മണിമലയാറ്റില്‍ കുത്തിയതോടിന് സമീപം വരട്ടാറ്റിലൂടെ വള്ളങ്ങള്‍ക്ക് എത്തിച്ചേരാം. എന്നാല്‍ ആദി പമ്പ വറ്റിയതോടെ വരട്ടാറും വറ്റി വരണ്ടു. അതി രൂക്ഷമായ മണല്‍ ഖനനമാണ് ആദിപമ്പയും വരട്ടാറും ഇത്തരത്തില്‍ നശിക്കാനുള്ള കാരണം.
പ്രധാന നദിയായ പമ്പയില്‍ കോയിപ്രം, ഇടനാട് തീരങ്ങളില്‍ അഴിമുഖ പ്രദേശത്ത് കാലങ്ങളായി തുടര്‍ന്നു വന്ന ഖനനം മൂലം പ്രധാന നദിയുടെ അടിത്തട്ട് താണു. അതോടെ ആദി പമ്പയുടെ അടിത്തട്ട് ഉയര്‍ന്നു. അവിടെക്കുള്ള ജല പ്രവാഹവും കുറഞ്ഞു. കാവുംകോണം മണല്‍ പുറം അപ്രത്യക്ഷമായി. ഇതിനിടെ കോയിപ്രത്തേയും ഇടനാടിനെയും ബന്ധിപ്പിച്ചു കൊണ്ട് ചപ്പാത്ത് നിര്‍മ്മിച്ചതും ജല പ്രവാഹത്തിന് തടസമായി. ആറന്മുള ഉതൃട്ടാതി ജലമേളയില്‍ പങ്കെടുക്കാന്‍ പടിഞ്ഞാറന്‍ പള്ളിയോടങ്ങള്‍ എത്തിയിരുന്നത് ആദി പമ്പയിലൂടെയാണ്. ഇന്നും ആദി പമ്പയുടെ തീരത്ത് ഓതറ കുന്നേക്കാട്ട്, ഓതറ, പുതുക്കുളങ്ങര എന്നീ മൂന്ന് പള്ളിയോടങ്ങളുണ്ട്. മംഗലം, ഉമയാറ്റുകര, തൈമറവുംകര, മുണ്ടന്‍കാവ്, മുതവഴി, വന്മഴി, കീഴ്‌വന്‍വഴി, മഴുക്കീര്‍, കടപ്ര , ചെന്നിത്തല എന്നീ പള്ളിയോടങ്ങള്‍ പമ്പയിലൂടെ തുഴഞ്ഞെത്തി ആദി പമ്പയിലൂടെയാണ് ആറന്മുളയില്‍ എത്തിയിരുന്നത്. തിരുവല്ലക്ക് സമീപമുള്ള വെണ്‍പാല കദളിമംഗലം പള്ളിയോടം വരട്ടാറ്റിലൂടെ തുഴഞ്ഞ് ആദി പമ്പയിലെത്തിയാണ് ആറന്മുളയിലേക്ക് യാത്ര തുടര്‍ന്നിരുന്നത്.