വൈകീട്ട് ഒരു മധുര പലഹാരം കഴിക്കാൻ തോന്നിയാൽ എന്ത് ചെയ്യും. എപ്പോഴും ഓൺലൈനിൽ ഓർഡർ ചെയ്യാൻ സാധിച്ചെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിൽ സ്ഥിരമായി കാണുന്ന വെറും മൂന്ന് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു മധുര പലഹാരം ആണ് തേങ്ങ ബർഫി. നെയ്യിൽ മൂക്കുന്ന തേങ്ങയുടെ മണവും കൂടെ പാലും പഞ്ചസാരയുമെല്ലാം ചേർത്ത് കുറിക്കിയെടുക്കുന്ന ഈ പലഹാരം വായിലിട്ടാൽ അലിഞ്ഞ് പോകും.
ആദ്യം ഒരു പരന്ന പാത്രം (പാൻ പോലുള്ള ) എടുത്ത് അടുപ്പിൽ വയ്ക്കുക. പാൻ ചൂടാവുമ്പോൾ നെയ്യ് ഒഴിച്ച് തേങ്ങ ചിരകിയത് ചേർത്ത് വഴറ്റുക. തേങ്ങ കരിയാനോ നിറം മാറാനോ പാടില്ല. അതിന് മുൻപേ തന്നെ ഇതിലേക്ക് പാൽ കൂടി ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം തിളച്ചു കഴിഞ്ഞാൽ നേരിയ തീയിൽ ഇട്ട് ഇളക്കുക. മീഡിയം-ലോ ഫ്‌ളെയിമിൽ ഇങ്ങനെ 12 മുതൽ 15 മിനിറ്റ് വരെ പാകം ചെയ്യണം. തുടരെ ഇളക്കേണ്ട കാര്യമില്ല. എന്നാൽ അടിയിൽ പിടിക്കാതെ ഇടയ്ക്കിടെ ഇളക്കണം.
പാൽ പൂർണമായും വറ്റി കഴിഞ്ഞാൽ ഇതിൽ പഞ്ചസാര ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കണം. ഇതിന് ശേഷം ഏറ്റവും ചെറിയ ഫ്‌ളെയിമിൽ ഇട്ട് ആവശ്യത്തിന് നെയ്യ് കൂടി ചേർത്ത് ഇളക്കണം. മിശ്രിതം എളുപ്പത്തിൽ പാനിൽ നിന്ന് വിട്ടുപോരണം. ഇതാണ് പരുവം. ഈ പരുവത്തിലേക്ക് എത്തി കഴിഞ്ഞാൽ മറ്റൊരു പാത്രത്തിൽ നെയ്യ് തേച്ച് ഈ മിശ്രിതം ഇതിലേക്ക് ഒഴിച്ച് നിരത്തണം. വേണമെങ്കിൽ മുകളിൽ പിസ്ത, ബദാം, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് അലങ്കരിക്കാം. 3 – 4 മണിക്കൂർ മിശ്രിതം റൂം ടെംപറേച്ചറിൽ ചൂടാറാൻ വയ്ക്കണം. ഇതിന് ശേഷം ചതുരാകൃതിയിൽ മുറിച്ചെടുത്ത് വിളമ്പാം.