കൊല്ലം: രാജ്യത്തെ പുതുതലമുറയെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന മയക്കുമരുന്നിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് ശൗര്യചക്ര കേണല്‍ കെ.കെ. പണിക്കര്‍. സണ്‍ ഇന്ത്യ (സേവ് ഔവര്‍ നേഷന്‍) പ്രഥമ സംസ്ഥാന പ്രവര്‍ത്തക ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ കെണിയില്‍പ്പെടുത്തി അടുത്ത തലമുറയെ നശിപ്പിക്കുകയാണ് ശത്രു രാജ്യങ്ങളുടെ പുതിയ ലക്ഷ്യം. നമ്മുടെ കുട്ടികള്‍ ഇതില്‍ അകപ്പെടാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് അസി. കമ്മിഷണര്‍ വി. രാജേഷ് പ്രത്യേക പ്രഭാഷണം നടത്തി. വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ഒരു കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ലഹരിയെ അതിജീവിക്കാന്‍ ഒരു സംവിധാനത്തെ കൊണ്ട് സാധിക്കില്ല, കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനാവശ്യം. വീടുകളിലാണ് ആദ്യം ജാഗ്രത തുടങ്ങേണ്ടത്. പത്തു വയസു മുതല്‍ മക്കളിലുണ്ടാകുന്ന ഓരോ മാറ്റവും തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. തെറ്റുകണ്ടാല്‍ തിരിച്ചറിയാനുള്ള ആര്‍ജവം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ഈ മഹാവിപത്ത് ഇല്ലാതാക്കാന്‍ ഏറ്റവും കൂടുതല്‍ സാധിക്കുക മാതാപിതാക്കള്‍ക്കാണ്. ലഹരിക്കെതിരെ ഓരോ വ്യക്തിക്കും ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. സമൂഹം കൂട്ടായി വിചാരിച്ചാല്‍ ഈ മഹാവിപത്തിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സണ്‍ ഇന്ത്യ കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. സോമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കേണല്‍ എസ്. ഡിന്നി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ഇളംകുളം, സ്വാഗത സംഘം ചെയര്‍മാന്‍ ഫാ. സി.പി. ബിജോയ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. തോമസ് മാത്യു, അഡ്വ. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വിചാരസഭയില്‍ ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സണ്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി ബിജു തോമസ് എന്നിവര്‍ വിഷയാവതരണം നടത്തി. കേണല്‍ ഹാബി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ടി. ജോയ്, പി.ജി. ജോസ് എന്നിവര്‍ സംസാരിച്ചു.