കൊച്ചി: തീവ്രമഴയും യാത്രാനിയന്ത്രണങ്ങളും മൂലം മഴക്കാല ടൂറിസത്തിന് തണുപ്പന്‍ തുടക്കം. കടുത്ത ചൂടില്‍നിന്ന് മഴ ആസ്വദിക്കാന്‍ വടക്കേയിന്ത്യക്കാര്‍ വരുന്നുണ്ടെങ്കിലും ബീച്ചുകള്‍ അടച്ചതിനാല്‍ എറണാകുളത്തെത്തുന്ന സഞ്ചാരികള്‍ വഴിമാറി പോകുകയാണ്.മഴ ആസ്വദിക്കാന്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നീളുന്ന മണ്‍സൂണ്‍ ടൂറിസക്കാലത്ത് ആയിരക്കണക്കിന് സഞ്ചാരികളാണ് എത്താറുള്ളത്. കനത്ത ചൂടനുഭവപ്പെടുന്ന വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ മണ്‍സൂണ്‍ ടൂറിസത്തിന് എത്താറുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വിദേശികളും എത്താറുണ്ട്.തീവ്രമഴയും കടല്‍കയറ്റവും മൂലം ബീച്ചുകളിലും കായല്‍യാത്രയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ സഞ്ചാരികള്‍ കുറഞ്ഞതായി സംരംഭകര്‍ പറഞ്ഞു.
ബീച്ചുകളില്‍ മഴയില്‍ കുളിച്ചും ജലകേളികളിലും ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ക്ക് താല്പര്യം. എന്നാല്‍, ശക്തമായ തിരമാലകളുള്ളതിനാല്‍ കടലില്‍ ഇറങ്ങാന്‍ അനുവദിക്കുന്നില്ല.വടക്കേയിന്ത്യന്‍ സഞ്ചാരികള്‍ കൊച്ചിയില്‍ ഒന്നോ രണ്ടോ ദിവസം താമസിച്ച് മൂന്നാര്‍, കുമരകം, ആലപ്പുഴ, തേക്കടി, ആതിരപ്പള്ളി തുടങ്ങിയിടങ്ങളിലേയ്ക്ക് പോകുകയാണ് പതിവ്. കൊച്ചിയില്‍ തങ്ങാതെ പോകാനാണ് ഇപ്പോള്‍ താല്പര്യമെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.