ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തോട് ചേര്‍ന്നുളള അതിര്‍ത്തിയില്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരിലൊരാള്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചു. പഞ്ചാബില്‍ നിന്നുളള 37കാരനായ കര്‍ഷകനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് 10,12,14 വയസ് പ്രായമുളള മൂന്ന് മക്കളുണ്ട്.
ഇതിനിടെ ഹരിയാനയിലെ ഗുരുദ്വാരയിലെ സിഖ് ഗുരു ബാബ രാം സിംഗ് ഇതിനിടെ സര്‍ക്കാരിന്‍റെ കര്‍ഷകരോടുളള അവഗണനയില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്‌തു. ഈ വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് കര്‍ഷകന്‍ തണുപ്പ് മൂലം മരണമടഞ്ഞ വാര്‍ത്തയും പുറത്തുവരുന്നത്. സര്‍ക്കാരിന്‍റെ അവഗണനയിലെ വേദനയും ദേഷ്യവും കൊണ്ടാണ് തന്‍റെ ജീവന്‍ ബലിനല്‍കുന്നതെന്ന് രാംസിംഗ് മരണത്തിന് മുന്‍പ് തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു.
നവംബര്‍ അവസാന വാരം ആരംഭിച്ച സമരത്തില്‍ ഇതുവരെ 20 കര്‍ഷകരുടെ ജീവനാണ് നഷ്‌ടമായത്. ഇവയിലേറെയും ഉത്തരേന്ത്യയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കൊടും ശൈത്യം താങ്ങാനാവാതെ മരണമടഞ്ഞതാണ്. ചൂടേകാന്‍ ഹീറ്ററും കമ്പിളിപുതപ്പുമായി നിരവധി വാളണ്ടിയര്‍മാര്‍ സമരം ചെയ്യുന്നവരെ സന്ദര്‍ശിക്കുന്നുണ്ട്.പ്രതിഷേധക്കാര്‍ പ്രധാനമായും തമ്പടിച്ചിരിക്കുന്ന സിംഗ്ഘുവില്‍ രാത്രി കാലങ്ങളില്‍ കടുത്ത ശൈത്യകാറ്റുമുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഞ്ച് ഡിഗ്രിയാണ് ഡല്‍ഹിയില്‍ താപനില. എന്നാല്‍ തണുപ്പൊന്നും പ്രശ്‌നമല്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നുമാണ് സമരം ചെയ്യുന്ന കര്‍ഷകരുടെ നിലപാട്.
കര്‍ഷകര്‍ക്ക് സമരം ചെയ്യാനുളള അവകാശമുണ്ടെന്നും എന്നാല്‍ വഴി തടസപ്പെടുത്തരുതെന്നും പ്രശ്‌ന പരിഹാരത്തിന് കാര്‍ഷികമേഖലയെ കുറിച്ച് അറിവുളള വിദഗ്ധരുടെ സമിതി രൂപീകരിക്കുമെന്നും കര്‍ഷകസമരം സംബന്ധിച്ചുളള കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.