കൊല്ലം : അഞ്ചലിൽ വിവാദ ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്. അന്തേവാസിയായ വയോധികയെ നടത്തിപ്പുകാരൻ മർദിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് കലക്ടറുടെ നടപടി. നടത്തിപ്പുകാരന് എതിരെ മനുഷ്യാവകാശ കമ്മീഷനും പോലീസും സ്വമേധയാ കേസെടുത്തിരുന്നു. അന്തേവാസിയായ വയോധികയെ ചൂരൽ വടികൊണ്ട് ആണ് അർപ്പിത സ്നേഹാലയം മേധാവി അഡ്വ.സജീവൻ അടിച്ചത്.
സജീവന്‍റെ ക്രൂരമായ പെരുമാറ്റത്തിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രാർഥനാ സമയത്ത് ഉറങ്ങിയെന്ന് പറഞ്ഞാണ് സ്വന്തം അമ്മയെക്കാൾ മുതിർന്ന ഒരു സ്ത്രീയെ സജീവൻ ചൂരലുകൊണ്ട് അടിച്ചത്. ആരോഗ്യസ്ഥിതി തീരെ മോശമായ മറ്റൊരു വയോധികയോട് പരുഷമായ വാക്കുകൾ ഉപയോഗിച്ചുള്ള ശകാരവും ഭീഷണിയുമുണ്ട് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍. 20 ലേറെ അന്തേവാസികള്‍ സ്നേഹാലയത്തിലുണ്ട്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ഏരൂര്‍ സ്വദേശി ജസീം സലീമാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തു വിട്ടത്. താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്നും ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട മുൻജീവനക്കാരൻ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സ്ഥാപന മേധാവി കൂടിയായ സജീവന്റെ വിശദീകരണം. ഐപിസി 324 അനുസരിച്ചാണ് സജീവനെതിരെയുള്ള കേസ്.