എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ അധ്യാപകരെല്ലാം എനിക്ക് പിന്തുണ നൽകിയവരായിരുന്നു. പഠനത്തിൽ മിടുക്കിയായത് കൊണ്ട് ടീച്ചർമാർക്ക് പ്രിയപ്പെട്ട വിദ്യാർത്ഥിനിയായിരുന്നു. പഠിപ്പിച്ച എല്ലാ ടീച്ചർമാരും എന്നെ മോൾഡ് ചെയ്യുന്നതിൽ സഹായിച്ചിട്ടുണ്ട്. ക്ലാസ് ലീഡറും സ്കൂൾ ലീഡറുമൊക്കെയായതുകൊണ്ട് തന്നെ അവരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്. അവരുടെ അനുഗ്രഹം ജീവിതത്തിൽ ഗുരുത്വമായി ഭവിച്ചിട്ടുണ്ട്.
എന്റെ സ്കൂളിലെ ഫൗണ്ടർ പ്രിൻസിപ്പലായ നളിനി മിസ് വഴിയാണ് സിനിമയിലേക്ക് വന്നത്. മിസ് എന്നെ പഠിപ്പിച്ചിട്ടില്ല പക്ഷേ ജീവിത്തത്തിൽ എനിക്ക് മറക്കാനാവാത്ത വ്യക്തികളിൽ ഒരാളാണ് അവർ. സിനിമയിൽ സജിവമായിരുന്നുവെങ്കിലും പഠനത്തിൽ ഒരിക്കലും പിന്നോക്കം നിന്നിരുന്നില്ല അത് കൊണ്ട് എന്റെ അഭിനയ ജിവിതം ഒരു തരത്തിലും അവരിൽ അതൃപ്തി ഉണ്ടാക്കിയിരുന്നില്ല. പ്ലസ്ടു കാലഘട്ടത്തിലാണ് സിനിമയിലേക്ക് വരുന്നത്. പിന്നീട് കോളേജ് കാലഘട്ടത്തിലാണ് സിനിമകൾ ധാരാളമായി ചെയ്ത് തുടങ്ങുന്നത്.
കോളേജ് അഡ്മിഷൻ സമയത്ത് പ്രിൻസിപ്പൽ മാർക്ക് കുറയരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. മാർക്ക് കുറഞ്ഞാൽ ലീവ് എടുക്കുന്നത് അനുവദിച്ച് തരാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡിഗ്രിക്ക് എനിക്ക് സ്റ്റേറ്റ് റാങ്ക് വാങ്ങിക്കാൻ പറ്റിയതിന് കാരണം തന്നെ എന്റെ അധ്യാപകരാണ്. ഇടയ്ക്കെല്ലാം പഠിപ്പിച്ച അധ്യാപകരെ കാണാറുണ്ട്. അവർക്കെല്ലാം എന്റെ കാര്യത്തിൽ അഭിമാനമാണ്. ഇപ്പോഴും അവർ അന്നത്തെ അതേ സ്നേഹത്തോടെയാണ് പരിഗണിക്കുന്നത്.
നമ്മൾ പഠിക്കേണ്ട നിരവധി കാര്യങ്ങൾക്ക് അധ്യാപകർ സപ്പോർട്ടാവുകയാണ് ചെയ്യുന്നത്. നമ്മളേക്കാൾ ആ വിഷയത്തിൽ ജ്ഞാനമുള്ളത് കൊണ്ട് നല്ല രീതിയിൽ ഗൈഡ് ചെയ്യുന്നു. നിങ്ങൾക്ക് ഒരിക്കലും ഒരാളെ പഠിപ്പിക്കാൻ പറ്റില്ല. നിങ്ങൾക്ക് അറിവ് നൽകാം അത് പഠിച്ചെടുക്കേണ്ടത് മുന്നിലിരിക്കുന്നവരാണ്. നല്ലൊരു ഫെസിലിറ്റേറാവുകയാണ് ഒരു അധ്യാപകൻ ചെയ്യേണ്ടത് എന്നാണ് എന്റെ അഭിപ്രായം
എന്റെ അച്ഛൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്റ്റാഫ് ട്രെയിനറായിരുന്നു. അച്ഛൻ എന്ന അധ്യാപകനാണ് എന്നെ ഏറ്റവും സ്വാധിനിച്ചത്. സൈക്കോളജി എന്ന വിഷയത്തോട് താത്പര്യം ജനിച്ചതും അത് പഠന മേഖലായി തിരഞ്ഞെടുത്തതും അദ്ദേഹത്തിന്റെ പിന്തുണ കൊണ്ടായിരുന്നു. ഞങ്ങളുടെ സംസാരങ്ങൾ വരെ എന്നെ അക്കാദമിക്കായി ഒരുപാട് സ്വാധിനിച്ചിട്ടുണ്ട് ഞാൻ ജോലി ചെയ്ത സിനിമകളിലെ സംവിധായകരെ ഗുരുക്കൻമാരായിട്ടാണ് കാണുന്നത്. വളർന്ന് വരും തോറും എനിക്ക് മനസിലാക്കാൻ പറ്റിയത് എല്ലാവരും ടീച്ചർമാരാണെന്നാണ്. ജീവിതത്തിൽ കടന്നു പോവുന്ന ഒരോരുത്തരും നമ്മളെ ഓരോന്ന് പഠിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്.