തൃശൂര്‍ : കടയില്‍ നിന്നും വാങ്ങി തറയില്‍ വിരിച്ച ടൈലുകൾക്ക് മങ്ങൽ, ഉപഭോക്താവിന് 10000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5000 രൂപയും നൽകുവാൻ ത്രിശൂര്‍ കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടു. തൃശൂർ ഒല്ലൂക്കരയിലുള്ള ശ്രേയസ് നഗറിലെ ജിയോ ജോൺസൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പറവട്ടാനിയിലുള്ള ഐഡിയൽ ഏജൻസീസ് ഉടമക്കെതിരെ വിധിയായത്. ജിയോ ജോൺസൻ എതിർകക്ഷിയിൽ നിന്ന് വാങ്ങി വിരിച്ച ടൈലുകൾക്ക് മങ്ങൽ അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഹർജി ഫയല്‍ ചെയ്തത്. ടൈൽ നിർമ്മാതാക്കളെ കക്ഷി ചേർത്തില്ല എന്ന വാദം എതിർകക്ഷിയായ സ്ഥാപനമുടമ ഉന്നയിച്ചിരുന്നു. കൂടാതെ ടൈലുകൾ വിരിച്ചതിനുപയോഗിച്ച സിമന്റിന്റെയോ ടൈലുകൾ വൃത്തിയാക്കുവാൻ ഉപയോഗിക്കുന്ന കെമിക്കലുകളുടെയോ അപാകത കൊണ്ടും ഇപ്രകാരം സംഭവിക്കാം എന്ന വാദങ്ങളും ഉയർത്തി.
നിർമ്മാണ വൈകല്യം എതിർകക്ഷി ഉന്നയിക്കാത്തതിനാൽ നിർമ്മാതാവ് അനിവാര്യകക്ഷിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉല്പന്നം വില്പന നടത്തുന്ന സ്ഥാപനത്തിന് ഏത് സിമന്റ് ഉപയോഗിക്കന്നതാണ് ഉചിതം എന്ന വിവരങ്ങൾ നൽകുവാൻ ബാധ്യതയുണ്ടെന്നും കേവലം പണം വാങ്ങിവെക്കൽ മാത്രമല്ല ചുമതലയെന്നും കോടതി നിരീക്ഷിച്ചു. വില്പനക്കാരൻ ഉപഭോക്താവിന്റെ സഹായിയായി മാറണമെന്നും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.