തിരുവനന്തപുരം : കോവിഡ് വ്യാപനത്തില്‍ വരുന്ന മൂന്നാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ നേരത്തെ കണക്കുകൂട്ടിയതു പോലെയാണ് കോവിഡ് നിരക്ക്. ഒരു പോസിറ്റീവ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകരുതെന്ന ലക്ഷ്യത്തോടെയാണു പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചത്. അതിന്റെ ഭാഗമായി വ്യാഴാഴ്ച 13 ശതമാനത്തിനു മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്.
ടിപിആര്‍ കുറച്ചു കൊണ്ടുവരുന്നതിനുള്ള മാര്‍ഗമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിനായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് നടപടികള്‍ തുടരും. കേരളത്തിലെ നിലവിലെ അവസ്ഥ പ്രതീക്ഷിച്ചതാണ്. രണ്ടാം തരംഗം കേരളത്തില്‍ ആരംഭിച്ചത് ഏപ്രില്‍ പകുതിക്കു ശേഷമാണ്. രണ്ടാം തരംഗം മൂര്‍ച്ഛിച്ചത് മേയ് 12നാണ്. ഐസിഎംആറിന്റെ സിറോ സര്‍വേയില്‍ 42 ശതമാനം പേര്‍ക്കാണ് കേരളത്തില്‍ ആന്റി ബോഡിയുള്ളത്.
രണ്ടു രീതിയിലാണ് ശരീരത്തില്‍ ആന്റി ബോഡി ഉണ്ടാവുക. ഒന്ന് രോഗം വന്ന് അതിന്റെ പ്രതിരോധമായി ആന്റിബോഡി ഉണ്ടാകും, രണ്ട് വാക്‌സിനേഷനിലൂടെയാണ്. അത് 42 ശതമാനം പേര്‍ക്കാണ്. അതിനര്‍ഥം അതിലും കുറവാണ് കേരളത്തിലുണ്ടായിട്ടുള്ള രോഗികളുടെ ശതമാനം. രോഗം ബാധിക്കാത്ത 50 ശതമാനത്തിലേറെപ്പേര്‍ സംസ്ഥാനത്തുണ്ട്. രോഗവ്യാപന നിരക്ക് ദേശീയ തലത്തിലേക്കാള്‍ കേരളത്തില്‍ കുറവാണ്. കൂടുതല്‍ വാക്‌സീന്‍ ലഭിച്ചാലേ പ്രതിരോധം ശക്തമാക്കാന്‍ കഴിയൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.