തിരുവനന്തപുരം: പുതിയ അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്കൂളുകളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മുഖാവരണം നിര്‍ബന്ധമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യമായാണ് മുഖാവരണം വിതരണം ചെയ്യുക. ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രണ്ടു മുഖാവരണങ്ങളാണ് ഒരുകുട്ടിക്ക് നല്‍കുക. തുണികൊണ്ടുള്ള മുഖാവരണം യൂണിഫോം പോലെ സൗജന്യമായിരിക്കും.
കോവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അദ്ധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മെയ് 30-നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സൗജന്യമായി മുഖാവരണം നിര്‍മ്മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെയാണ് ചുമതലപ്പെടുത്തിയത്. ഗുണനിലവാരമുള്ള തുണിയില്‍ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് നിര്‍മ്മാണം.
കഴുകി വീണ്ടും ഉപയോഗിക്കാനാകുന്ന പരുത്തിത്തുണിയിലായിരിക്കും നിര്‍മാണം. ഓരോ ബി.ആര്‍.സി.യിലും കുറഞ്ഞത് 30,000 മുഖാവരണം നിര്‍മിക്കണം. മുഖാവരണനിര്‍മാണത്തിനുള്ള വസ്തുക്കള്‍ ബി.ആര്‍.സി. വാങ്ങണം, മുഖാവരണ നിര്‍മാണത്തിന് രക്ഷിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സേവനം തേടാം. സൗജന്യ യൂണിഫോമിനായുള്ള തുകയില്‍ ഇതിന്റെ ചെലവ് വകയിരുത്തും, മുഖാവരണനിര്‍മാണത്തിനായി കൂട്ടംകൂടരുത്. വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി മുഖാവരണം നല്‍കിയാല്‍ അത് വകയിരുത്തണം.