പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന രാജീവ് ഭവന്‍ കെട്ടിടത്തിന്‍റെ മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള കോണ്‍ഗ്രസ് കൊടിമരത്തിലെ പതാക താഴ്ത്തി കറുത്ത കൊടി ഉയര്‍യാ സംഭവത്തില്‍ ഡി.സി.സി അന്വേഷണ കമ്മീഷനെ നിയമിച്ചു. 2021 ആഗസ്റ്റ് 28 ന് രാത്രി 10 മണിക്കും 29-ാം വെളുപ്പിന് 6 മണിക്കും ഇടയ്ക്കുള്ള സമയത്താണ് കെട്ടിടത്തിന്‍റെ വളപ്പില്‍ അതിക്രമിച്ച് കടന്ന് ഓഫീസിന് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള കോണ്‍ഗ്രസ് കൊടിമരത്തിലെ പതാക താഴ്ത്തി കറുത്ത കൊടി ഉയര്‍ത്തിയത്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളെ അവഹേളിക്കുകയും സമൂഹ മദ്ധ്യത്തില്‍ അവമതിപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റര്‍ ഓഫീസിന്‍റെ ചുമരുകളില്‍ പതിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവം അന്വേഷിച്ച് ഡി.സി.സി ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എബ്രഹാം മാത്യു പനച്ചമൂട്ടില്‍ ചെയര്‍മാനായും, അഡ്വ. സതീഷ് ചാത്തങ്കേരി, ഏഴംകുളം അജു എന്നിവര്‍ അംഗങ്ങളായുമുള്ള മൂന്നംഗ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അറിയച്ചു. ഇത് സംബന്ധിച്ച അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ഡി.സി.സി പ്രസിഡന്‍റ് പരാതിയും നല്‍കിയിട്ടുണ്ട്.