തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ. രമ്യ ഇന്ന് സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരായിട്ടില്ലെന്നും അവർ ഡൽഹിയിലാണെന്നും എം.എം ഹസൻ പറഞ്ഞു. രമ്യ ഹരിദാസിനെ നേരിട്ട് കേട്ട ശേഷമായിരിക്കും അന്വേഷണ നടപടികൾ പൂർത്തിയാക്കുക. തുടർന്ന് മാത്രമേ റിപ്പോർട്ട് കെപിസിസിക്ക് സമർപ്പിക്കുകയുള്ളൂവെന്നും എം.എം ഹസൻ വ്യക്തമാക്കി.
അതേസമയം അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചെന്ന് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലവും പറഞ്ഞു. തനിക്ക് പാർട്ടിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും സജിത്ത് വ്യക്തമാക്കി. താൻ പറയാനുള്ള കാര്യങ്ങൾ കമ്മീഷൻ പൂർണ്ണമായി കേട്ടതായും ഇനി തുടർനടപടികൾ സ്വീകരിക്കേണ്ടത് പാർട്ടിയാണെന്നും സജിത്ത് മുട്ടപ്പാലം പറഞ്ഞു. രമ്യ ഹരിദാസിനെ കൂടി കേട്ട ശേഷമായിരിക്കും അന്വേഷണ സമിതിയുടെ അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. റിപ്പോർട്ട് ലഭിച്ചതിന് ശേഷം കെപിസിസി തുടർനടപടികളിലേക്ക് കടക്കും.































