വടകര: തിരഞ്ഞെടുപ്പിന്റെ തലേദിവസം പുറത്തുവന്ന വർഗീയ വാട്‌സാപ്പ് സന്ദേശം സംബന്ധിച്ച് വ്യക്തതവരുത്തുന്നതിൽ പോലീസ് നിസ്സംഗതപാലിക്കുന്നതായി ആക്ഷേപം. ആരോപണപ്രത്യാരോപണങ്ങളും വിശദീകരണങ്ങളുമായി എൽ.ഡി.എഫും. യു.ഡി.എഫും. മുന്നോട്ടുപോകുമ്പോൾ ഇത് ക്രമസമാധാനപ്രശ്നമായി മാറുമോയെന്നാണ് ആശങ്ക. വാട്‌സാപ്പ് സന്ദേശത്തിൽ വടകര പോലീസ് രജിസ്റ്റർചെയ്ത രണ്ടുകേസുകളിലും അന്വേഷണം ഇഴയുകയാണ്. ഏപ്രിൽ 25-ന് വൈകീട്ടാണ് തിരുവള്ളൂർ നിടുമ്പ്രമണ്ണ യൂത്ത് ലീഗിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളെന്നപേരിൽ സ്‌ക്രീൻഷോട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്.
വർഗീയചേരിതിരിവുണ്ടാക്കുന്ന സന്ദേശമെന്നാരോപിച്ച് എൽ.ഡി.എഫ്. ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനും പോലീസിനും പരാതിനൽകി. എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ സന്ദേശമെന്നപേരിലാണ് ഇത് പ്രചരിച്ചത്. യൂത്ത് ലീഗും മുഹമ്മദ് കാസിമും ഇത് നിഷേധിച്ചിരുന്നു. ഇങ്ങനെയൊരു വാട്‌സാപ്പ് ഗ്രൂപ്പ് ഇല്ലെന്നും വ്യാജമായി നിർമിച്ച് പ്രചരിപ്പിച്ചതാണെന്നും കാണിച്ച് യൂത്ത് ലീഗും കാസിമും പോലീസിൽ പരാതി നൽകി.