തിരുവനന്തപുരം: കോവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച സമൂഹ അടുക്കളകള്‍ ഭാഗികമായി അടയ്ക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നും ആവശ്യമുള്ളവരെ മാത്രം സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തതോടെ ഇപ്പോള്‍ സമൂഹ അടുക്കളയുടെ ആവശ്യം കുറഞ്ഞു. അതുകൊണ്ടുതന്നെ എല്ലാ കിച്ചണുകളും പ്രവര്‍ത്തിക്കേണ്ടതില്ല. എല്ലാം അടച്ചുപൂട്ടാനായിട്ടില്ല. ആവശ്യമുള്ളവര്‍ക്കു സഹായമെത്തിക്കും. ആര്‍ക്കെങ്കിലും ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടോ എന്ന് പ്രാദേശിക തലത്തില്‍ പരിശോധിക്കണം. സമൂഹ അടുക്കള ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനകരമായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അന്യസംസ്ഥാന തൊഴിലാളികളോട് സഹാനൂഭൂതിയുണ്ടാകണം. സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ അവര്‍ക്കു തൊഴില്‍ ലഭിക്കും. ഇതിലൂടെ എല്ലാവരുടെയും പ്രയാസം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.