പത്തനംതിട്ട : സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണെന്നും അവ തുടര്‍ന്നും ഉണ്ടാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് കൊടുന്തറ ഗവ.എല്‍പി സ്‌കൂളില്‍ നടത്തിയ സ്‌കൂള്‍ ശുചീകരണ മാസാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ലോക്ക്ഡൗണിന്റെ സാഹചര്യമുണ്ടായി. ജനങ്ങളുടെ സംരക്ഷണത്തോടൊപ്പം ജീവനോപാധി കൂടി സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രതിരോധം വര്‍ധിപ്പിച്ച് ഇളവുകള്‍ അനുവദിക്കുന്നതിനായി വാക്സിനേഷന്‍ പൂത്തീകരിക്കണം. 92.4 ശതമാനമാണ് ഇപ്പോഴത്തെ വാക്സിനേഷന്‍ റേറ്റ്.
അലര്‍ജിയുള്ളവര്‍, കോവിഡ് ബാധിച്ചവര്‍ തുടങ്ങിയവര്‍ക്കാണ് ഇനി വാക്സിന്‍ നല്‍കാനുള്ളത്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് സ്‌കൂള്‍ തുറക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ പഠനം സാധ്യമാണെങ്കിലും സാമൂഹിക ജീവിതം എന്നത് ഒരു വ്യക്തിയുടെ ശാരീരിക, മാനസിക, ബൗദ്ധിക, വൈകാരിക വികാസത്തിന് വേണ്ടിയുള്ളതാണ്.
സാമൂഹിക അന്തരീക്ഷത്തില്‍ എങ്ങനെ ഇടപെടണമെന്നത് കുട്ടികള്‍ പഠിക്കുന്നത് വിദ്യാലയങ്ങളില്‍ നിന്നാണ്. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പാണ് അവസാന തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച് അവലോകനം നടക്കുന്നുണ്ട്. മറ്റ് രോഗങ്ങള്‍ ഉള്ള വ്യക്തികള്‍ ഉള്ള വീട്ടില്‍ നിന്നും കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ല. ഇത്തരത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളാണ് പോലീസ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ്, കൗണ്‍സിലര്‍ സുമേഷ് ബാബു, ഡി.വൈ.എസ്.പി. കെ.സജീവ്, എ.ഇ.ഒ സന്തോഷ് കുമാര്‍, കൊടുന്തറ ഗവ.എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്മിതാ കുമാരി, സിഐ ജി.സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.