തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന ശുപാര്‍ശ കത്ത് വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ഡെപ്യൂട്ടി മേയര്‍ പികെ രാജുവിനെതിരെ പ്രതിപക്ഷ പരാതി. പ്രതിപക്ഷത്തുള്ള യുഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാരാണ് പരാതിക്കാര്‍. പ്രതിഷേധം നടക്കുന്നതിനിടെ വനിതാ കൗണ്‍സിലര്‍മാരുടെ നേരെ ഉടുമുണ്ട് ഉയര്‍ത്തിക്കാണിച്ചുവെന്നാണ് ആരോപണം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുഡിഎഫ് പരാതി നല്‍കി. ഡെപ്യൂട്ടി മേയര്‍ അസഭ്യം വിളിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
വെള്ളിയാഴ്ച രാവിലെ നഗരസഭ മെയിന്‍ ഓഫീസില്‍ പ്രവേശിച്ച രാജു യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ഉള്ളവരെ അസഭ്യം പറയുകയും മുണ്ട് ഉയര്‍ത്തിക്കാട്ടി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായാണ് പരാതി. യുഡിഎഫ് തിരുവനന്തപുരം നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി പത്മകുമാറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.