കോന്നി : കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണവും കാറും തട്ടിഎടുത്ത പോലീസ് ഉദ്യോഗസ്ഥന് എതിരെ റാന്നി സ്വദേശിയായ യുവതി പരാതി നൽകി. കോന്നി പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ആയി ജോലി ചെയ്യുന്ന തേക്കുതോട് സ്വദേശി ബിനു കുമാറിന് എതിരെ ആണ് യുവതി പരാതി നൽകിയത്. ഇയാൾ റാന്നി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ റാന്നി അങ്ങാടി സ്വദേശിയായ യുവതിയുമായി പരിചയപ്പെട്ടു. യുവതി ഒരു കാർ വാങ്ങുന്നകാര്യം ഈ അവസരത്തില്‍ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്‍, തന്റെ കൈവശം കാർ ഉണ്ടെന്നും ഇത് നൽകാമെന്നും യുവതിയെ പറഞ്ഞ് ധരിപ്പിച്ച് പതിമൂന്ന് ലക്ഷത്തി അൻപതിനായിരം രൂപ യുവതിയിൽ നിന്നും കൈപ്പറ്റി.
എന്നാല്‍ വാഹനമോ പണമോ തിരികെ നൽകാതെ ഇയാൾ പറ്റിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. സ്വകാര്യ ബാങ്കിൽ നിന്നും എടുത്ത പണവും ഇയാൾക്ക് നൽകിയതായി യുവതി പറയുന്നു. ഇന്നോവ കാർ ആയിരുന്നു നൽകാമെന്ന് പറഞ്ഞത്. എന്നാൽ പിന്നീട് ബാങ്കിൽ നിന്നും കുടിശിക നോട്ടീസ് വീട്ടിൽ എത്തിയപ്പോൾ ആണ് യുവതി ചതി മനസിലാക്കുന്നത്. തുടർന്ന് വക്കീൽ മുഖാന്തിരം യുവതി റാന്നി കോടതിയിലും റാന്നി പോലീസ് സ്റ്റേഷനിലും കേസ് ഫയൽ ചെയ്യുകയായിരുന്നു.
ഈ പോലീസ് ഉദ്യോഗസ്ഥന് എതിരെ സ്ത്രീകളെ പറ്റിച്ച സംഭവത്തിൽ നിരവധി കേസുകൾ പല പോലീസ് സ്റ്റേഷനുകളിലും നിലവിൽ ഉള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇതിനാൽ കോന്നി പോലീസ് സ്റ്റേഷനിൽ മറ്റ് ജോലികൾ ഏൽപ്പിക്കാതെ ഡ്രൈവർ തസ്തികയിൽ ആണ് ഇയാൾ ജോലി ചെയ്ത് വന്നിരുന്നത്. പമ്പയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നപ്പോൾ അവധി എടുക്കാതെയും ഡ്യൂട്ടി ചെയ്യാതെയും ഇരുന്ന സംഭവത്തിൽ ഇയാൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്.