തിരുവനന്തപുരം: കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി. സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതി. തൃശ്ശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.
‘സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകള്‍. അതേസമയം കെ. സുരേന്ദ്രന്റെ പ്രസ്താവനയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായരും മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. വനിതാ നേതാക്കളെ പൂതനയോടു ഉപമിക്കുകയും, ബോഡി ഷെയ്മിങ്ങിനു വിധേയമാക്കുകയും ചെയ്ത പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രസ്തുത നടപടിയില്‍ കെ സുരേന്ദ്രനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ വീണ എസ് നായര്‍ ആവശ്യപ്പെടുന്നു.