മലപ്പുറം : താനൂരില്‍ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനമെന്ന് യുവാവിന്റെ പരാതി. ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തതിന് പിഴയീടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പോലീസ് അസഭ്യവര്‍ഷവും മര്‍ദ്ദനവും. ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ടതിനെത്തുടര്‍ന്ന് താനൂര്‍ തെയ്യാല സ്വദേശി മുഹമ്മദ് തന്‍വീര്‍ ചികില്‍സ തേടി. ആരോപണം നിഷേധിച്ച താനൂര്‍ പോലീസ് കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തെന്ന് മറുപടി നല്‍കി.
കഴിഞ്ഞദിവസം മറ്റ് രണ്ട് പേരുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ താനൂര്‍ പോലീസ് തടഞ്ഞെന്ന് യുവാവ് പറയുന്നു. പിഴ അടയ്ക്കാനുള്ള തുക കയ്യില്‍ ഉണ്ടായിരുന്നില്ല. തുര്‍ന്ന് പോലീസ് എടിഎം കാര്‍ഡ് വാങ്ങുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിന് പോലീസ് താനൂര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്ന് തെയ്യാല സ്വദേശി തന്‍വീര്‍ പറയുന്നു. ലാത്തി കൊണ്ട് അടിക്കുകയും മുഖത്തടിക്കുകയും ചെയ്ത്. ബൂട്ടിട്ട് ചവിട്ടിയെന്നും പരാതിയുണ്ട്.
പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുമെന്നും മറ്റ് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയെന്ന് തന്‍വീര്‍ പറഞ്ഞു. വീട്ടിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥതകള്‍ വന്നതിനെത്തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിഴ അടച്ചതിന് ശേഷം യുവാവ് പോലീസിനെ അസഭ്യം പറഞ്ഞെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പോലീസ് പറയുന്നു. മര്‍ദ്ദിച്ചില്ലെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്നുമാണ് താനൂര്‍ എസ്‌ഐ നല്‍കുന്ന വിശദീകരണം.