ആലപ്പുഴ : പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐക്കെതിരെ കേസ്. പോലീസുകാരനെ ഡ്യൂട്ടിക്കിട്ട ശേഷം അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ പോലീസ് ടെലി കമ്യൂണിക്കേഷന്‍സ് വിഭാഗം എസ്‌ഐ എന്‍.ആര്‍. സന്തോഷിനെതിരെയാണ് നോര്‍ത്ത് പോലീസ് കേസ് എടുത്തത്.
കഴിഞ്ഞ 18-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം. പോലീസ് ആസ്ഥാനത്തു നിന്നു വയര്‍ലെസ് സെറ്റ് വാങ്ങാനായി പോലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചു. അന്നു രാത്രി 8.30യോടെ എസ്‌ഐ ഇതേ പോലീസുകാരന്റെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി. വാതില്‍ തുറന്ന ഭാര്യയോട് ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ച എസ്‌ഐ അപമര്യാദയായി സംസാരിക്കുകയും ബലപ്രയോഗത്തിനു ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പ്രതിയായ എസ്‌ഐ ഒളിവിലാണെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു.