കൊല്ലം : കൊട്ടാരക്കരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് സുരേഷ് ഗോപി ചടങ്ങ് പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി. പ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രസംഗിക്കാതെ സുരേഷ് ഗോപി എംപി മടങ്ങിയതെന്നാണ് ആക്ഷേപം. അതേ സമയം സുരേഷ്ഗോപി തങ്ങളെ അപമാനിച്ചെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടു.
കൊല്ലം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സുരേഷ് ഗോപി കൊട്ടാരക്കരയില്‍ എത്തിയത്. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്‍്റെ ഭാഗമായുള്ള സേവാ സമര്‍പ്പണ്‍ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു കൊട്ടാരക്കര പുലമണ്‍ മാര്‍ത്തോമ ജൂബിലി മന്ദിരത്തിലേക്കുള്ള വരവ്. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സ്മരണയ്ക്കായി ഓര്‍മ്മ മരം നട്ട ശേഷം വേദിയിലേക്ക് നടക്കുമ്പോള്‍ പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയ്ക്ക് ചുറ്റും കൂടുകയും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് പലതവണ അദ്ദേഹം നിരുത്സാഹപ്പെടുത്തി.
കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ ആള്‍ക്കൂട്ടം അരുതെന്ന് പറയുകയും ചെയ്തു. എന്നാല്‍ നിര്‍ദ്ദേശം മറികടന്ന് പിന്നെയും പ്രവര്‍ത്തകര്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു. ഇതോടെ വേദിയിലേയ്ക്കുള്ള നേതാക്കളുടെ ക്ഷണം നിരസിച്ച സുരേഷ്ഗോപി താഴെ നിന്ന് തെങ്ങിന്‍ തൈ നല്‍കിയ ശേഷം ആരോടും യാത്ര പോലും പറയാതെ ഇറങ്ങിപ്പോവുകയായിരുന്നു.
ബി.ജെ.പി നേതാക്കളുടെ ക്ഷണം സ്വീകരിച്ചെത്തിയ പൗരപ്രമുഖരുടെ മുന്നില്‍ വെച്ചായിരുന്നു സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈല്‍ പ്രതിഷേധം. ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയിലേയ്ക്ക് സുരേഷ് ഗോപിയുടെ പേര് ചര്‍ച്ചയാകുന്നതിനിടെയാണ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തിയില്‍ അതൃപ്തി രേഖപ്പെടുത്തിയുള്ള നേതാവിന്‍്റെ ഇറങ്ങിപ്പോക്ക്. ഈ നടപടി തങ്ങള്‍ക്ക് അപമാനമായെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനടക്കം പരാതി നല്‍കി. ഇത് പോലുള്ള നേതാക്കളെ കൊട്ടാരക്കരയിലേക്ക് അയക്കരുതെന്ന മുന്നറിയിപ്പും നല്‍കിയതായാണ് സൂചന.