റാന്നി : വെള്ളപ്പൊക്കത്തിന് പിന്നാലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നദിയിലൊഴുക്കുന്നതായി പരാതി. ഇന്നലെ ഉച്ചകഴിഞ്ഞാണ് പമ്പാനദിയിലൂടെ പ്ലാസ്റ്റിക് കുപ്പികളുടെ വലിയ ശേഖരം ഒഴുകിയെത്തിയത്. റാന്നി പാലത്തിന് താഴെ മാരംതോട്ടം കടവിലൂടെയാണ് മാലിന്യങ്ങൾ ഒഴുകിയെത്തിയത്. വെള്ളപ്പൊക്കത്തിന് ശേഷം ആരോ മാലിന്യങ്ങൾ വലിച്ചറിഞ്ഞെന്നാണ് ഉയർന്നു വരുന്ന ആരോപണം.
ഇത്തരത്തില്‍ ലക്ഷക്കണക്കിന് കുപ്പികളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും ഇങ്ങനെ ഒഴുകിയെത്തുന്നത് പരിസ്ഥിതിക്ക് കനത്ത വെല്ലുവിളിയാകും. വെള്ളപ്പൊക്കത്തില്‍ അടിഞ്ഞു കൂടിയ ഇത്തരം മാലിന്യങ്ങള്‍ നദിയിലേക്ക് വീണ്ടും ഒഴുക്കിവിടാതെ സംസ്ക്കരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാകുകയാണ് വേണ്ടത്.