പന്തളം : പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പന്തളം മങ്ങാരം സ്വദേശി ഷിഫാസ് (23)നാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പന്തളത്തെ സിനിമ തീയേറ്ററിന് സമീപം തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിച്ചുകൊണ്ടിരുന്ന ഷിഫാസിന്‍റെ സുഹൃത്തിന്‍റെ മൊബൈല്‍ ഫോണിലേക്ക് പന്തളം പോളിയോ മുക്കില്‍ ആര്‍ക്കോ വെട്ടേറ്റതുമായി ബന്ധപെട്ട വാര്‍ത്ത വന്നിരുന്നു. വാര്‍ത്ത കണ്ടതോടെ സംഭവം എന്താണെന്ന് അറിയുവാനായി ഷിഫാസും സുഹൃത്തുക്കളും പോളിയോമുക്കിലേക്ക് പോയി. ഈ സമയം റോഡില്‍ വലിയ ഗതാഗതക്കുരുക്കായിരുന്നു. വെട്ടേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് ആംബുലന്‍സ് വിളിച്ചിട്ടും എത്തിയിരുന്നില്ല.
ഇത് കണ്ടുനിന്ന ഷിഫാസ് ഇയാളെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ പോരെ എന്ന് പോലീസിനോട് ചോദിച്ചതിനെ തുടര്‍ന്ന് അത് തീരുമാനിക്കാന്‍ നീ ആരാടാ എന്ന് ചോദിച്ച് ഒരു ഉദ്യോഗസ്ഥന്‍ ഷിഫാസിനോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ആളുകളുടെ മുന്നില്‍ വെച്ച് അപമാനിച്ചിട്ടും മറുത്തൊന്നും പറയാതെ ഷിഫാസും സുഹൃത്തുക്കളും അവിടെ നിന്നും മടങ്ങി. പിന്നീട് പന്തളം എന്‍.എസ്.എസ് കോളേജിന് മുന്നില്‍ എത്തിയ ഷിഫാസിനെ ഇവിടേയ്ക്ക് ജീപ്പിലെത്തിയ പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഉള്‍പ്പെടെ മര്‍ദ്ദനമേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസിന്‍റെ ആക്രമണത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് യുവാവിന്‍റെ പരാതി.






























