ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. കുടുംബ പെൻഷന്റെ പകുതി തുക ആദ്യ ഭാര്യയ്ക്കും ജീവിച്ചിരുന്നപ്പോൾ ജീവനക്കാരൻ നോമിനി ആയി നാമനിർദേശം ചെയ്ത രണ്ടാമത്തെ ഭാര്യക്ക് ഗ്രാറ്റുവിറ്റിയും നൽകാനാണ് കോടതി ഉത്തരവിട്ടത്. കേന്ദ്ര സിവിൽ സർവീസ് പെൻഷൻ ചട്ടങ്ങൾ പ്രകാരം ഒരു ജീവനക്കാരന് ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടെങ്കിൽ കുടുംബ പെൻഷൻ തുല്യ ഓഹരികളായി രണ്ട് ഭാര്യമാർക്കും നൽകാൻ വ്യവസ്ഥയുണ്ടെന്ന് സെപ്റ്റംബർ ഒന്നിലെ ഉത്തരവിൽ കോടതി വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ ആറാഴ്ചയ്ക്കകം കുടുംബ പെൻഷന്റെ പകുതി തുക ആദ്യ ഭാര്യക്ക് നൽകാൻ അധികാരികളോട് കോടതി ഉത്തരവിട്ടു. അതേസമയം ജീവനക്കാരൻ തന്റെ ജീവിച്ചിരുന്ന കാലത്ത് ഗ്രാറ്റുവിറ്റിക്കായി രണ്ടാമത്തെ ഭാര്യയെയാണ് നോമിനിയായി നാമനിർദേശം ചെയ്തിരുന്നത്. അതിനാൽ നിയമപ്രകാരം ഗ്രാറ്റുവിറ്റി തുക രണ്ടാമത്തെ ഭാര്യക്ക് നൽകണമെന്ന് കോടതി വ്യക്തമാക്കി. കൂടാതെ രണ്ട് സ്ത്രീകളുടെയും അനുകമ്പാ അർഹതയുള്ള നിയമനത്തിനുള്ള (Compassionate Appointment) അപേക്ഷകളും നിയമപ്രകാരം പരിഗണിച്ച് യോഗ്യയായ ആർക്കെങ്കിലും നിയമനം നൽകാനും കോടതി നിർദേശിച്ചു.































