കോട്ടയം : എംജി സർവ്വകലാശാലയില്‍ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതി ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എസ്‌സി /എസ്ടി വകുപ്പ് ഉള്ളതിനാൽ ചുമത്തിയിരിക്കുന്നതിനാലാണ് അന്വേഷണചുമതല മാറ്റുന്നത്.
എസ്.എഫ്.ഐ നേതാക്കൾക്കെതിരെ എ.ഐ.എസ്.എഫ് വനിതാ നേതാവ് പോലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്.എഫ്.ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി.എ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ.എം അരുൺ, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്.
സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്. എംജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. അതേസമയം എ.ഐ.എസ്.എഫ് ആരോപണം എസ്.എഫ്.ഐ തള്ളി. ഇരവാദം ഉണ്ടാക്കാനാണ് എ.ഐ.എസ്.എഫ് ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. സഹതാപം പിടിച്ചു പറ്റാനാണ് അവർ ആരോപണം ഉന്നയിക്കുകയാണെന്നും എസ്.എഫ്.ഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.