ചങ്ങനാശ്ശേരി : സഹോദരൻ അപകടത്തിൽ മരിച്ച കേസ് വാദിക്കാൻ നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ഭീഷണിപ്പെടുത്തുന്നതായി പരാതി. പത്തനംതിട്ട സ്വദേശിയായ അഭിഭാഷകനാണ് എം.എ.സി.ടി. കേസ് ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുന്നതെന്ന് ചങ്ങനാശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ മാസം 28-ന് പാലാത്ര ബൈപ്പാസ് റോഡിൽ ബൈക്ക് അപകടത്തിൽ മരിച്ച സേതുനാഥിന്റെ സഹോദരൻ സുജിത് കുമാറാണ് പരാതി നൽകിയിരിക്കുന്നത്. ശ്രീകുമാർ എന്ന അഭിഭാഷകനെതിരേയാണ് പരാതി. പല തവണ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്. ബൈപ്പാസ് റോഡിൽ റേസിങ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് രണ്ടുപേർ മരിച്ചിരുന്നു. സേതുനാഥ്, മുരുകൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ചങ്ങനാശ്ശരി ഡിവൈ.എസ്.പി. ആർ ശ്രീകുമാർ അറിയിച്ചു.