റാന്നി : അങ്ങാടി ജലവിതരണ പദ്ധതിയുടെ പുളിമുക്ക് പമ്പ് ഹൗസിൻ്റെ സമീപത്തു നിന്നും നീക്കുന്ന മണ്ണ് പുതിയ കിണറിനായി കണ്ടെത്തിയ സ്ഥലത്ത് ഇറക്കിയതായി പരാതി. നിലവിലുള്ള കിണറ്റിലെ ജലഭ്യത ഉറപ്പാക്കാൻ ജലസേചന വകുപ്പ് നടത്തുന്ന നിർമ്മാണത്തെ തുടർന്ന് സ്ഥലത്തുള്ള വേസ്റ്റ് മണ്ണാണ് ജലവിതരണ വകുപ്പ് പുതിയതായി കിണർ നിർമ്മിക്കുന്ന സ്ഥലത്ത് ഇറക്കിയത്. ഇതുവഴി കരാറുകാൻ ലാഭം ഉറപ്പാക്കുന്നതാണെന്നാണ് നാട്ടുകാരുടെ ആരോപണം. ജലവിതരണ വകുപ്പിൻ്റെ മേജർ വിഭാഗം നടത്തുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നത്. ഇവിടെ നിന്നും എടുക്കുന്ന വേയ്സ്റ്റ് മണ്ണ് പഞ്ചായത്തിൻ്റെ അങ്ങാടി പേട്ടയിലുള്ള സ്ഥലത്ത് ഇറക്കാൻ അനുമതി കൊടുത്തതായിട്ടാണ് സൂചന.
നിലവിൽ പണി നടക്കുന്നതിൻ്റെ അടുത്തുതന്നെ മണ്ണ് ഇറക്കുന്നതു വഴി ജോലി എളുപ്പവും ലാഭത്തിനായും നടത്തുന്നുവെന്നുമാണ് പ്രധാന ആരോപണം. പദ്ധതി പ്രദേശത്ത് വെള്ളം ഉറപ്പാക്കാൻ ജലസേചന വിഭാഗം അരക്കോടിയിലധികം മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. മുൻവർഷങ്ങളിൽ വെള്ളപ്പൊക്ക കാലയളവിൽ അടിഞ്ഞുകൂടിയ ചെളിമണ്ണാണ് ഇവിടെ നദിയുടെ തിട്ടലിനു സമീപം കൂടി കിടക്കുന്നത്. അങ്ങാടി പദ്ധതിക്ക് മുകളിലായി ഉപാസനക്കടവിലെയും വലിയ പാലത്തിനു കീഴിലും പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണ്ണ് പിന്നീടുണ്ടായ വെള്ള പൊക്കങ്ങളിൽ പദ്ധതി പ്രദേശത്ത് അടിഞ്ഞുകൂടിയതു കാരണം കിണറ്റിൽ ജലലഭ്യത കുറഞ്ഞിരുന്നു. ഇത് പരിഹരിക്കാനാണ് ഒഴുകിയെത്തിയ മണ്ണ് വാരി മാറ്റി തിട്ടൽ കെട്ടുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനിടയിലാണ് കരാറുകാരൻ ലാഭം കൊയ്യാൻ പുതിയ കിണറിനുള്ള റോഡ് നിർമ്മാണമെന്ന പേരിൽ മണ്ണിറക്കി പണി എളുപ്പമാക്കുന്നത്.