കോഴിക്കോട്: കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. പണം ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് സംഘം ഭീഷണിപ്പെടുത്തുന്നതായും ബന്ധുക്കള്‍ പറയുന്നു.
വിദേശത്തു നിന്ന് കൊണ്ടുവന്ന സ്വർണ്ണം തിരികെ നൽകിയില്ലെങ്കിൽ യുവാവിനെ കൊല്ലുമെന്നാണ് ഭീഷണി. ഇർഷാദിനെ നിലത്ത് കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കൾക്ക് സ്വര്‍ണക്കടത്ത് സംഘം അയച്ചു കൊടുത്തിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കൾ പെരുവണ്ണാമുഴി പോലീസിൽ പരാതി നൽകി. മെയ് പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് 20-ാം തിയ്യതി ജോലിക്കെന്നും പറഞ്ഞു വീട്ടിൽ നിന്നു കോഴിക്കോടേക്ക് പോയിരുന്നു. അതിന് ശേഷമാണ് വീട്ടിലേക്ക് ഭീഷണി സന്ദേശം വരുന്നത്.