തൃശൂര്‍ : പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി. സല്യൂട്ട് അടിപ്പിച്ചത് ഒല്ലൂര്‍ എസ് ഐ ആയ ആന്റണിയെ അപമാനിക്കാന്‍ വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ എസ് യു പരാതിയില്‍ ആവശ്യപ്പെട്ടു.
തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. എം പിയെ കണ്ടിട്ടും ജീപ്പില്‍ നിന്നും ഇറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. സുരേഷ് ഗോപി എത്തിയിട്ടും ജീപ്പില്‍ തന്നെ തുടര്‍ന്ന ഒല്ലൂര്‍ എസ്‌ഐയെ വിളിച്ചുവരുത്തി താനൊരു എം.പി ആണെന്ന് ഓര്‍മ്മിപ്പിക്കുകയും ഒരു സല്യൂട്ടൊക്കെ ആകാമെന്ന് പറയുകയുമായിരുന്നു.
സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി. രംഗത്തെത്തി. എസ്‌ഐയെ വിളിച്ചുവരുത്തിയത് വളരെ സൗമ്യമായിട്ടാണെന്നും എം പിയുടെ മുമ്പില്‍ വാഹനം കൊണ്ട് വന്നിട്ട് ഇരിക്കുന്നത് ശരിയല്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. എസ്‌ഐയോട് സല്യൂട്ട് ആവശ്യപ്പെട്ട നടപടിയില്‍ പരാതിയുള്ളവര്‍ രാജ്യസഭാ ചെയര്‍മാനോട് പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.