കൊച്ചി : പാതിവില തട്ടിപ്പിലൂടെ നേടിയ പണം സംഭാവന നൽകിയതും അന്വേഷിക്കണമെന്ന് ഇഡിയ്ക്ക് പരാതി. പാതിവില തട്ടിപ്പിലൂടെ സ്വരൂപിച്ച പണം സംഭാവനയും പിരിവുമായി നൽകിയതും മറ്റും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റിന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി ഇ ഡി കൊച്ചി ഓഫീസിലെ അഡിഷണൽ ഡയറക്ടർക്ക് നൽകിയത്. പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണൻ രാഷ്ട്രീയ നേതാക്കളടക്കം മറ്റ് പ്രമുഖർക്ക് സംഭാവനയും പിരിവും നൽകിയതായി നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കേണ്ടതില്ലെന്ന് സംസ്ഥാന പോലീസ് ആസ്ഥാനത്തെ ഉന്നതർ ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഭാവന നൽകിയതും വാങ്ങിയതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്‌സിങ് ദേശീയ അന്വേഷണ ഏജൻസിയായ ഇഡിയെ സമീപിച്ചിരിക്കുന്നത്.
തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് കേരള പോലീസ് ഇപ്പോൾ രജിസ്റ്റർ ചെയ്ത് കൊണ്ടിരിക്കുന്നത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഭൂരിഭാഗം കേസുകളും ഗൗരവ സ്വഭാവമുള്ളതാണ്. സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലുള്ളവരെ പല തരത്തിൽ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. കേസുകളിലെ അന്വേഷണ ചുമതല സംസ്ഥാന ആഭ്യന്തര വകുപ്പ് ക്രൈം ബ്രാഞ്ചിന് നൽകിയിട്ടുമുണ്ട്. തട്ടിപ്പിലൂടെ നേടിയ പണം സംഭാവനയായി നൽകുന്നതും വാങ്ങുന്നതും കുറ്റകരമായ പ്രവൃത്തിയാണ്. തട്ടിപ്പിന് ഇരയായവർക്ക് തിരികെ നൽകുവാൻ പണം കണ്ട് കിട്ടേണ്ടതുണ്ട്. അതിനാൽ പാതിവില സംബന്ധിച്ച തട്ടിപ്പ് കേസുകളിൽ ഇ ഡി യുടെ സമഗ്ര അന്വേഷണം ആവശ്യമാണെന്നും തട്ടിപ്പിലൂടെ നേടിയ പണം സംഭാവന നൽകിയതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അഡ്വ . കുളത്തൂർ ജയ്‌സിങ് പരാതിയിൽ ആവശ്യപ്പെട്ടു.