ന്യൂഡൽഹി : സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിൽ അസോസിയേറ്റ് പ്രൊഫസറാകാൻ പിഎച്ച്ഡി നിർബന്ധമാണെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹേമന്ത് ഗുപ്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. സംസ്ഥാന സർക്കാരിനും ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷനും ഉൾപ്പടെയുള്ള എതിർകക്ഷികൾക്കാണ് നോട്ടീസ്. എഐസിടിഇയെ കേസിൽ കക്ഷി ചേർത്ത കോടതി അവരോട് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ നിർദേശിച്ചു.
2010 മാർച്ച് അഞ്ചിന് ശേഷം അസിസ്റ്റന്റ് പ്രൊഫസ്സറിൽ നിന്ന് അസ്സോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കാൻ പിഎച്ച്ഡി നിർബന്ധമാണെന്നാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത്. അസ്സോസിയേറ്റ് പ്രൊഫസർ, പ്രിൻസിപ്പൽ തസ്തികളിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് പിഎച്ച്ഡി നിർബന്ധം ആണെന്ന എഐസിടിഇയുടെ 2010-ലെ ചട്ടം ചൂണ്ടിക്കാട്ടി ആയിരുന്നു കേരള ഹൈക്കോടതിയുടെ വിധി.
സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ പിഎച്ച്ഡി ഇല്ലാതിരുന്ന വിവിധ സർക്കാർ എൻജിനീയറിങ് കോളേജിലെ മൂന്ന് അസ്സോസിയേറ്റ് പ്രൊഫസ്സർമാരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. സ്ഥാനക്കയറ്റം ലഭിച്ച് ഏഴ് വർഷത്തിനുള്ളിൽ പിഎച്ച്ഡി കരസ്ഥമാക്കിയാൽ മതിയെന്ന 2014ൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതായി ഹർജിക്കാരായ അധ്യാപകർക്ക് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത, മുഹമ്മദ് സാദിഖ് എന്നിവർ വാദിച്ചു. എഐസിടിഇയുടെ 2003-ലെ വിജ്ഞാപനത്തിലും കേരളത്തത്തിലെ സാങ്കേതിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്പെഷ്യൽ റൂൾസിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി.