ലണ്ടൻ : കോവിഷീൽഡ് വാക്സീന് സാങ്കേതികമായി മാത്രം അനുമതി നൽകി, അതെടുത്ത ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കാതിരിക്കുന്ന ബ്രിട്ടന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. തിങ്കളാഴ്ച മുതൽ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാർക്കും പത്തുദിവസത്തെ ഹോം ക്വാറന്റീനും രണ്ടുവട്ടം ആർടിപിസിആർ ടെസ്റ്റും നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ബ്രിട്ടനോടു പിണങ്ങിയാണ് പുതിയ ഉത്തരവെങ്കിലും ഫലത്തിൽ പുതിയ നിയമം ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് നാട്ടിൽ പോകാൻ കാത്തിരിക്കുന്ന ഇന്ത്യക്കാർക്കു തന്നെയാകും.
ബ്രിട്ടനിലുള്ള ഇന്ത്യക്കാരിൽ മഹാഭൂരിപക്ഷവും ബ്രിട്ടീഷ് പൗരത്വം എടുത്തിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് അൽപമൊരു ശാന്തതയും കൊച്ചിയിലേക്കുൾപ്പെടെ ഇന്ത്യയിലെ ഒട്ടു മിക്ക നഗരങ്ങളിലേക്കും യാത്രാസൗകര്യവും ആയതോടെ നാട്ടിൽ പോകാനുള്ള നെട്ടോട്ടത്തിലായിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ബ്രിട്ടനിലെ ഇന്ത്യക്കാർ. ഇവർക്കെല്ലാം പുതിയ നിയമം പാരയാകും.
പത്തു ദിവസത്തെ ക്വാറന്റീനു പുറമേ പോകുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ ടെസ്റ്റും വിമാനത്താവളത്തിലും എട്ടാം ദിവസവും ഉള്ള ആർടിപിസിആറും നിർബന്ധമാക്കിയിട്ടുണ്ട്. ബ്രിട്ടനിൽ നിന്നു വരുന്നവർ ഏതു വാക്സീനെടുത്താലും എത്രതവണയെടുത്തവരാണെങ്കിലും ഈ നിയമം ബാധകമാണ്.
ബ്രിട്ടനിലെ ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീൻ എടുത്തുവരുന്നവർ ഒക്ടോബർ നാലുമുതൽ നിർബന്ധമായും പത്തുദിവസത്തെ ഹോം ക്വാറന്റീന് വിധേയരാകണമെന്നു ബ്രിട്ടൻ കഴിഞ്ഞയാഴ്ച തീരുമാനം എടുത്തിരുന്നു. ഇത് ഇരട്ടത്താപ്പാണെന്നു ചൂണ്ടിക്കാട്ടി ശശി തരൂർ പ്രതിഷേധം ഉയർത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവിഷയമായി ഇതു പരിണമിച്ചു.
പിന്നീട് വിദേശകാര്യ മന്ത്രിയുടെ ഇടപെടലിനെ തുടർന്നു കോവിഷീൽഡിനെ അംഗീകൃത വാക്സീന്റെ പട്ടികയിൽ ബ്രിട്ടൺ പെടുത്തിയെങ്കിലും ഇത് എടുത്തുവരുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കാൻ തയാറായിരുന്നില്ല. ക്വാറന്റീൻ ഒഴിവാക്കണമെന്ന് ഇന്ത്യ ശഠിച്ചും ബ്രിട്ടൺ വഴങ്ങാത്ത സാഹചര്യത്തിലാണ് നാലാം തിയതി മുതൽ ബ്രിട്ടീഷ് പൗരന്മാർക്കും സമാനമായ ക്വാറന്റീൻ നിബന്ധനകളും ട്രാവൽ നിയന്ത്രണങ്ങളും ഏർപ്പെടുത്താൽ ഇന്ത്യ തീരുമാനിച്ചത്.
ഇന്ത്യൻ വാക്സീനല്ല വാക്സീൻ സർട്ടിഫിക്കറ്റിനാണ് പ്രശ്നമെന്നായിരുന്നു ഈ ഇരട്ടത്താപ്പിന് ബ്രിട്ടൻ പറഞ്ഞിരുുന്ന ന്യായം. എന്തായാലും ബ്രിട്ടന്റെ വാദഗതിയ്ക്കനുസരിച്ച് സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തുന്നതിനു പകരം അതേ നാണയത്തിൽ തിരിച്ചടിക്കാൻ തന്നെയാണ് ഒടുവിൽ ഇന്ത്യൻ സർക്കാർ തിരുമാനിച്ചത്.
ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്രവിഷയത്തിൽ ആശങ്കയിലായിരിക്കുന്നതും ക്വാറന്റീനിലാകുന്നതും ഭൂരിഭാഗവും ഇന്ത്യക്കാരാകും എന്നതാണ് യഥാർധ വസ്തുത. എന്തായാലും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കോവിഡ് സ്വാതന്ത്ര്യം അനുഭവിക്കാൻ യോഗമില്ലാതായിരിക്കുകയാണ് ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർ.