കോഴിക്കോട് : ഹൈസ്‍കൂൾ-ഹയർസെക്കന്‍ഡറി ഏകീകരണത്തിൽ മാനേജ്മെന്റുകൾക്കും അധ്യാപക സംഘടനകൾക്കും ആശങ്ക. അക്കാദമിക നിലവാരം തകർക്കുന്നതും അധ്യാപക തസ്തികകൾ ഇല്ലാതാക്കുന്നതുമാണ് സ്കൂൾ ഏകീകരണമെന്നാണ് വിമർശനം. കൂടിയാലോചന ഇല്ലാത്ത നടപടിയുമായി മുന്നോട്ടുപോയാല്‍ പ്രതിഷേധമുണ്ടാകുമെന്നും ഹയർ സെക്കൻഡറി അധ്യാപക സംഘടനകളും സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും മുന്നറിയിപ്പ് നൽകി.
ഹയർ സെക്കൻഡറിയെയും ഹൈസ്കൂളിനെയും ഏകീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്കൂള്‍ മാനേജ്മെന്റുകള്‍ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ നടത്തേണ്ട കൂടിയാലോചന നടന്നിട്ടില്ലെന്നും തീരുമാനം തിരുത്തണമെന്നും മാനേജ്മെൻ്റ് പ്രതിനിധികള്‍ ആവശ്യപ്പെടുകയും ചെയ്തു.
വലിയ തോതില്‍ അധ്യാപക തസ്തിക നഷ്ടപ്പെടുന്നതിലൂടെ അക്കാദമിക നിലവാരം തകരുമെന്ന് ഹയർസെക്കന്ററി അധ്യാപക സംഘടനകളും പറയുന്നു. കേരള ഹയർ സെക്കൻ്ററി ടീച്ചേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ കോഴിക്കോട് വെച്ചു നടന്ന യോഗത്തിൽ എസ്.എന്‍ ട്രസ്റ്റ്, എം. ഇ.എസ്, രൂപത പ്രതിനിധികൾക്കൊപ്പം സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.