കട്ടപ്പന : സ്വർണം വാങ്ങി നൽകാനെന്ന പേരിലെത്തിച്ച വ്യാപാരിയുടെ കയ്യിൽ നിന്നും ഏട്ടു ലക്ഷം തട്ടിയെടുത്ത് മുങ്ങിയ രണ്ടു പേർ പിടിയിൽ. കഴിഞ്ഞ 23 ന് വൈകിട്ട് കട്ടപ്പനയിലാണ് സംഭവം. 60 ലക്ഷം രൂപയുടെ സ്വർണം വാങ്ങിച്ചു കൊടുക്കാം എന്ന് വിശ്വസിപ്പിച്ച് വ്യാപാരിയെ വിളിച്ചുവരുത്തിയ സംഘം അഡ്വാൻസ് ആയി കൊണ്ടുവന്ന 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. എറണാകുളം ജില്ലയിൽ ഇടക്കൊച്ചി വില്ലേജിൽ പള്ളുരുത്തിക്കരയിൽ ഡോക്ടർ ഗംഗാധരൻ റോഡിൽ മാനുവേലിൽ വീട്ടിൽ അബ്ദുൽ റഹീം (55) എന്ന വ്യാപാരിയുടെയാണ് പണം നഷ്ടമായത്.
കോട്ടയം എരുമേലി സൗത്ത് ചേനപ്പാടി മാടപ്പാട്ട് സ്വദേശി പുതുപ്പറമ്പിൽ മുഹമ്മദ് ഷെരിഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം തട്ടിയത്. പണം കൈക്കലാക്കിയ ശേഷം മുങ്ങിയ സംഘത്തെ പിന്നിട് പിടികൂടുകയായിരുന്നു. സംഘാംഗങ്ങളായ മുണ്ടക്കയം ചാച്ചിക്കവല ആറ്റുപറമ്പിൽ ഷെഹിൻ (29) കാഞ്ഞിരപ്പള്ളി പാറക്കടവ് കൊട്ടാരപ്പറമ്പിൽ സിനാജ് (സിറാജ്-43), എന്നിവരെയാണ് പിടികൂടിയത്. പ്രതികൾ കൊലപാതകം, വധശ്രമം, പിടിച്ചുപറി, സാമ്പത്തിക തട്ടിപ്പുകളിൽ പ്രതികളും പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരും ആണെന്ന് അന്വേഷണം സംഘം പറഞ്ഞു.