അടൂർ : സ്വകാര്യ ബസുകൾ അടൂരിൽ നിന്ന് കായംകുളം ഭാഗത്തേക്ക് സർവീസ് ആരംഭിക്കുന്ന ബസ് ബേയിലെ ഓടയുടെ കോൺക്രീറ്റ് പൊളിഞ്ഞു. മഴ പെയ്യുമ്പോൾ ഓടയിൽ മലിനജലം നിറഞ്ഞ് ദുർഗന്ധം രൂക്ഷമാണ്. കായംകുളം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകളാണ് ഇവിടെയെത്തുന്നത്. ധാരാളം ആളുകൾ ബസ് കാത്തുനിൽക്കുന്ന സ്ഥലവും പൊളിഞ്ഞുകിടക്കുകയാണ്. സ്ഥലപരിമിതി കൊണ്ടും വീർപ്പുമുട്ടുകയാണ് ബസ് ബേ. ഒരുഭാഗത്ത് ഓട്ടോറിക്ഷ സ്റ്റാൻഡാണ്. അടുത്തിടെ നടത്തിയ ട്രാഫിക് പരിഷ്കാരത്തെ തുടർന്ന് കൊട്ടാരക്കര, പത്തനാപുരം ഭാഗത്ത് നിന്ന് വരുന്ന കെ. എസ്. ആർ. ടി. സി ബസുകൾ പാലത്തിൽ കൂടി കയറിയ ശേഷം ബസ് ബേയിൽ കൂടി കടന്നാണ് സ്റ്റാൻഡിലേക്ക് പോകുന്നത്.
ഇതുകാരണം സ്വകാര്യ ബസുകൾ പരമാവധി വശത്തേക്ക് ഇറക്കിയിടേണ്ടി വരുന്നു. ഈ ഭാഗമാണ് കൂടുതലും തകർന്ന് കുഴിയായിരിക്കുന്നത്. ബസ് ബേയുടെ തുടക്കത്തിലാണ് ഇപ്പോൾ പെഡസ്ട്രിയാൽ ക്രോസിങ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. അത് കാരണം ഈ ഭാഗത്ത് തിരക്ക് കൂടിയതും അപകട സാദ്ധ്യതയുണ്ടാക്കുന്നുണ്ട്. ബസ് കാത്തുനിൽക്കുന്നവർക്ക് മഴ നനയാതെ നിൽക്കാനും ഇവിടെ സൗകര്യമില്ല. സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ആളുകൾ കൂട്ടമായി നിൽക്കുന്നത് കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികൾ പറഞ്ഞു. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.