ബെംഗളൂരു: സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നുവീണുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മുഗല്ലൊള്ളിയിൽ സർക്കാർ സ്കൂളിലായിരുന്നു സംഭവം. ക്ലാസ്സ് നടക്കുന്നതിനിടെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് ഭാഗം അടർന്നുവീഴുകയായിരുന്നു. ക്ലാസിലുണ്ടായിരുന്ന ആറുകുട്ടികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബുധനാഴ്ചയായിരുന്നു സംഭവം.
പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബാഗൽകോട്ട് ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഗജാനൻ ബെയ്ൽ പറഞ്ഞു. സ്കൂൾ കെട്ടിടം അപകടാവസ്ഥയിലാണെന്ന് അധ്യാപകർ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നതായാണ് വിവരം. 20 വർഷം മുൻപ് നിർമിച്ച കെട്ടിടത്തിലാണ് കുട്ടികൾ പഠിക്കുന്നത്. കെട്ടിടത്തിന്റെ ജീർണാവസ്ഥയെപ്പറ്റി പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെയും ആരോപണം.






























