പന്തളം : അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനായി തീരുമാനമെടുത്ത ആനന്ദപ്പള്ളി-തുമ്പമൺ റോഡിന്റെ സ്ഥിതി പരിതാപകരമാണ്. കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നീന്തിയും തകർന്ന് മെറ്റലിളകിക്കിടക്കുന്ന ഭാഗങ്ങളിൽ അപകടംപറ്റാതെ ശ്രദ്ധിച്ചുംവേണം യാത്രചെയ്യാൻ. പലയിടത്തും റോഡിലെ കുഴികൾപോലും തിരിച്ചറിയാനാകാത്തവിധം കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നുമുണ്ട്. മൂന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും അമ്പലക്കടവ് പാലത്തിലൂടെ കുളനട പഞ്ചായത്തിലെത്തി കോട്ടയം ഭാഗത്തേക്ക് പോകുന്നതുമായ പ്രധാന റോഡിനാണ് ഈ ദുരവസ്ഥ.
ഈ റോഡിന്റെ വികസനത്തിനൊപ്പം വളരെ പ്രതീക്ഷയോടെ പണിത അമ്പലക്കടവുപാലം വേണ്ടത്ര പ്രയോജനം ചെയ്തിട്ടുമില്ല. വാഗ്ദാനങ്ങൾ പാഴായപ്പോൾ അച്ചൻകോവിലാറിന് കുറുകെ പണിത അമ്പലക്കടവ് പാലം നാട്ടുകാർക്കും യാത്രക്കാർക്കും ആറ് മുറിച്ചുകടക്കാനുള്ള ഒരു നടപ്പാലമായിമാത്രം മാറി. നാടിന്റെ വികസനം, എം.സി. റോഡിന് സമാന്തരമായി ദൂരം കുറച്ചുകിട്ടുന്ന പാത, ഗ്രാമങ്ങളുടെ വികസനം ഇങ്ങനെ നീളുന്നതായിരുന്ന ഗുണങ്ങളെല്ലാം ഉപയോഗപ്പെടുത്താൻ പാലം വന്നിട്ടും കഴിഞ്ഞിട്ടില്ല. പാലം പണിതാലുടൻ കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ബസുകൾ ഓടിത്തുടങ്ങുമെന്നാണ് നാട്ടുകാർ കരുതിയതെങ്കിലും പേരിന് രണ്ട് ബസ് സർവീസുകൾ മാത്രമാണ് ഇപ്പോഴുള്ളത്.
പന്തളം വലിയപാലത്തിനും കൈപ്പട്ടൂർ പാലത്തിനും ഇടയിൽ തുമ്പമൺ-കുളനട പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം പണിയുന്നതിന് സർക്കാർ അനുമതി നൽകിയതും വിവിധ ഗുണങ്ങൾ പ്രതീക്ഷിച്ചാണ്. എന്നാൽ പാലം പണിത് 20-വർഷം പൂർത്തിയായിട്ടും അധികാരികൾ പാലത്തിനെയോ ഇതുവഴിയുള്ള റോഡിനെയോ തിരിഞ്ഞുനോക്കുന്നില്ല. ആനന്ദപ്പള്ളിയിൽനിന്നു തുടങ്ങി പന്തളം, തുമ്പമൺ, ചെന്നീർക്കര, മെഴുവേലി പഞ്ചായത്തിലൂടെ കോട്ടയംവരെ നീളുന്ന റോഡിൽ ദൂരലാഭം 16-കിലോമീറ്ററാണ്. എം.സി.റോഡിൽ ഇപ്പോൾ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാമെന്നതും ഇതിന്റെ മറ്റൊരു ഗുണമായിരുന്നു. പാലംപണി പൂർത്തിയായശേഷം റോഡിന്റെ വീതികൂട്ടാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് സമാന്തര റോഡെന്ന സ്വപ്‌നം കരിഞ്ഞത്. ആനന്ദപ്പള്ളി-അമ്പലക്കടവ് റോഡ് കിഫ്ബിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോഴുള്ള വീതിയിൽ ബി.എം.ആൻഡ് ബി.സി.ടാറിങ് നടത്തുമെന്നും പൊതുമരാമത്തുവകുപ്പ് പറഞ്ഞതും നടന്നില്ല. റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്കൊന്നും ഉയർത്തിയില്ലെങ്കിലും പുനരുദ്ധാരണം നടത്തി വലിയ കുഴികൾ അടച്ച് യാത്ര സുഗമമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.